തിരുവനന്തപുരം: ആലപ്പുഴയിലെ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനുമുള്ള റെയില്‍വേയുടെ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കെ സി വേണുഗോപാല്‍ എംപി.
ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദേശം ഈ നീക്കത്തിന് മറയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
ആലപ്പുഴയുടെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരേ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയതായും ആലപ്പുഴ യാർഡില്‍ പുതിയ പിറ്റ്ലൈൻ നിർമിക്കണമെന്ന് റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചതായും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
ധൻബാദ് എക്സ്പ്രസിന്റെ സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനായി ആലപ്പുഴയെ നിലനിർത്തണം.
എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാ നഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് ബദല്‍ നിർദേശമായി മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






