ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേഹ ബോറയുമടക്കമുള്ളവരാണ് മുൻ നിരയിൽ പ്രതിഷേധം നയിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.
നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബിജെപി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.






