
കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്ത് (BAP), എ.ബി.വി.പി.യുടെ അക്കാദമിക് സംഘടനയായ FoKLawS എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ഇന്റർ കൊളീജിയറ്റ് ഭരണഘടനാ ക്വിസ് മത്സരത്തിൽ തൃശൂർ ഗവൺമെന്റ് ലോ കോളേജ് ജേതാക്കളായി.
കോളേജിനെ പ്രതിനിധീകരിച്ച നന്ദന സി., നന്ദിത സി. എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 15,000 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
മത്സരത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവനന്തപുരത്തെ ഹീബ വി., കാതറിൻ എം. ജോൺ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇവർക്ക് 10,000 രൂപയും ഫലകവും സമ്മാനമായി ലഭിച്ചു.
ഇതേ കോളേജിലെ സുബിൻ സുരേഷ് എസ്.ബി., ജോർജ് കെ. മാരാട്ട് എന്നിവർ മൂന്നാം സ്ഥാനം നേടി. 5,000 രൂപയും ഫലകവുമാണ് മൂന്നാം സമ്മാനം. കൂടാതെ എട്ട് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി ശ്രീ. കെ. സനിൽ കുമാർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ അധ്യക്ഷ ബിന്ദു എബ്രഹാം അധ്യക്ഷത വഹിച്ചു.
ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജേന്ദ്ര കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശങ്കർ റാം, അഡ്വ. അനിൽ ഐക്കര, അഡ്വ. സേതുലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ആർ. ജയകൃഷ്ണൻ, രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത ലത വി. രാധാകൃഷ്ണൻ, മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത അഡ്വ. കുര്യൻ ജോസഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ, ചരിത്രം, ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ, മൗലികാവകാശങ്ങൾ, ഭരണഘടനാ ഭേദഗതികൾ, വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ഇന്ത്യ സ്വീകരിച്ച ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. കേരളത്തിലെ വിവിധ നിയമകലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം യുവതലമുറയിൽ ഭരണഘടനാ അവബോധവും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള അറിവും വളർത്തുന്നതിനുള്ള ശ്രദ്ധേയമായ വേദിയായി.






