കോട്ടയം: പുതുപ്പള്ളി വെട്ടത്തുകവല വിദേശ മലയാളിയുടെ വീട്ടിൽ മോഷണശ്രമം. വെട്ടത്തുകവല – മീനടം റോഡിന് സമീപത്തെ ആഞ്ഞിലി വളവിൽ മണലേൽ മോഹന്റെ വീട്ടിലാണ് സംഭവം.
കുടുംബസമേതം വിദേശത്തുള്ള മോഹന്റെ വീട് നോക്കുന്നതിനായി ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. ഇയാൾ പതിവുപോലെ വീട്ടിലെത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ ലോക്ക് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിലും കുത്തിത്തുറന്ന നിലയിലായിരുന്നു.
സിസിടിവി ക്യാമറ തകർത്ത ശേഷമാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. മോഷണശ്രമത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തി, കത്തി, തുടങ്ങിയ ഉപകരണങ്ങൾ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന് കണ്ടെത്തി.
വീട്ടിൽ നിന്ന് എന്തൊക്കെ നഷ്ടമായിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുള്ള വീട്ടുടമ നാട്ടിലെത്തി പരിശോധന നടത്തിയ ശേഷമേ നഷ്ടപ്പെട്ട വസ്തുക്കളുടെ കൃത്യമായ വിവരം വ്യക്തമാകൂ. സംഭവത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.






