തുമകുരു: രാത്രി വീട്ടിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന വയോധിക ദമ്പതികള്‍ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി പുള്ളിപ്പുലി കയറിയെത്തിയതോടെ കര്‍ണാടകയിലെ തുമകൂരു ജില്ലയിലുള്ള ഒരു ഗ്രാമം മണിക്കൂറുകളോളം മുള്‍മുനയിലായി.
കുനിഗല്‍ താലൂക്കിലെ ഹുലിയൂര്ദുര്ഗയ്ക്ക് സമീപമുള്ള ബന്ദിഗൗഡനപാളയ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ചിക്കമരിയപ്പയും ഭാര്യ നരസമ്മയും വീടിനുള്ളില്‍ ടിവി കാണുന്നതിനിടെയാണ് പുലി അകത്തേക്ക് കയറിയത്. നരസമ്മയുടെ അസാമാന്യമായ മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
തീറ്റ തേടി ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലി ആദ്യം വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിന്‍കുട്ടിയെ ആക്രമിച്ച് കടിച്ചുകൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് പുലി ചിക്കമരിയപ്പയുടെ വീടിനുള്ളിലേക്ക് കയറിയത്. അപ്രതീക്ഷിതമായി തൊട്ടുമുന്നില്‍ പുലിയെ കണ്ട് ഞെട്ടിയെങ്കിലും നരസമ്മ മനഃസാന്നിധ്യം കൈവിടാതെ ഉടന്‍തന്നെ പുറത്തേക്ക് ഓടി വാതില്‍ വലിച്ചടച്ചു. ഇതോടെ പുലി വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പുറത്തുകടക്കാന്‍ വഴിയില്ലാതായ പുലി പിന്നീട് മുറിയിലെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്നു.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചെങ്കിലും വീടിന്റെ ഇടുങ്ങിയ മുറിക്കുള്ളില്‍ നിന്ന് പുലിയെ സുരക്ഷിതമായി പുറത്തെത്തിക്കുക ഏറെ വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് ബന്നാര്‍ഘട്ടയില്‍ നിന്നുള്ള അനസ്തേഷ്യ വിദഗ്ധന്‍ കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സ്ഥലത്തെത്തി.
ഏകദേശം ആറ് മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പുലിയെ മയക്കുവെടി വെച്ചാണ് വനംവകുപ്പ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് ഈ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ഭീഷണിയായിരുന്ന പുലിയെ ഒടുവില്‍ പിടികൂടിയതോടെയാണ് ഗ്രാമവാസികള്‍ക്ക് ശ്വാസം നേരെ വീണത്.






