ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ലോക്സഭയില്‍ ഇന്ന് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് ഇന്നലെ സ്പീക്കര്‍ ഓം ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നത്.
ഭരണപക്ഷത്തിന് വേണ്ടി എംപിമാരായ തേജസ്വി സൂര്യയും ബാന്‍സൂരി സ്വരാജും ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷത്ത് നിന്ന് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, ശശി തരൂര്‍, ഗൗരവ് ഗോഗോയി തുടങ്ങിയവര്‍ സംസാരിച്ചേക്കും. രാജ്യസഭയില്‍ എംഎസ്എംഇ വികസന ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന് നിയമ പരിരക്ഷ നല്കുന്ന ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമവും നടക്കും.
ഇന്നലെ തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭാ നടപടികളും തടസ്സപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.






