തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ചെയർമാൻ എം.ആർ ബൈജു.
ഇക്കാര്യം രേഖാമൂലം എസ്ഐടിയെ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനുശേഷം മാത്രമായിരിക്കും ഹാജരാകുന്നതില്‍ തീരുമാനം. എം.ആർ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രത്യേക അന്വേഷണസംഘം നിയമോപദേശത്തിനായി കാത്തുനില്‍ക്കുകയാണ്.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പിഎസ്സി പരീക്ഷ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്. ഹരി വ്യക്തമാക്കിയിരുന്നു.
വരും ദിവസങ്ങളില്‍ പിഎസ്സിയിലെ കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം. എം.ആർ ബൈജുവിനെ പ്രതി ചേർക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.
പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ സാങ്കേതികം മാത്രമെന്ന് പിഎസ്സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പുനര്‍മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുവെന്നും പിഎസ്സി അവകാശപ്പെട്ടിരുന്നു.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു പിഎസ്സിയുടെ ഈ വാദങ്ങള്‍.






