കൊല്ലം: 2010-ല്‍ യു.പി. സ്കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ എട്ടാം പ്രതിയായ ഷമീമയ്ക്ക് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ച് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്).
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി സുനില്‍ ദാസ് വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല.
ഷമീമയുടെ ഭർത്താവ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി പ്രകാശ് ലാലിന്റെ നേതൃത്വത്തില്‍ നടന്നതായി അന്വേഷണത്തിലുള്ള ഒമ്പത് പരീക്ഷാത്തട്ടിപ്പ് കേസുകളില്‍ ആദ്യമായി വിധി വന്ന കേസാണിത്. മറ്റ് കേസുകളുടെ വിചാരണ പുരോഗമിക്കുകയാണ്.
വിചാരണയ്ക്കിടെ ഒന്നാം പ്രതി പ്രകാശ് ലാലും മൂന്നാം പ്രതി രജീഷും മരിച്ചിരുന്നു. ആറാം പ്രതി സതീഷ് ബാബു കോടതിയില്‍ ഹാജരാകാത്തതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള വിധിയും മാറ്റിവച്ചു. കുറ്റക്കാരായ സുനില്‍ ദാസിനും സതീഷ് ബാബുവിനുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും രണ്ട് മൊബൈല്‍ ഫോണുകളും തെളിവായി സ്വീകരിക്കുകയും ചെയ്തു. 2010 മേയില്‍ കോട്ടയത്ത് യു.പി. സ്കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്.






