തിരുവനന്തപുരം : പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം.
അതേസമയം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്. ഇന്നലെയാണ് പിഎസ്സി പരീക്ഷാ തട്ടിപ്പിൽ അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്.
ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ ഹരിക്കും. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചു. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഓൺ സ്കീൻ വഴിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്. ഇതിലാണ് 58 മാർക്കിൻറെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനാണ് ഇരുവരെയും പ്രതി ചേർത്തത്.






