ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരായ ഹര്‍ജികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എല്ലായിപ്പോഴും ഒരിടം പ്രതിഷേധത്തിനായി കയ്യേറാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം തന്നെ ഹര്‍ജികള്‍ പ്രത്യേകമായി തരംതിരിച്ച് വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. ഗ്യാനേഷ് കുമാറിന് എതിരായ സമരങ്ങളെ എതിര്‍ത്ത് ഒരു വിഭാഗം വ്യാപാരികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്സവ സീസണുകളില്‍ വന്‍ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. ഇതോടെയാണ് കേസില്‍ സുപ്രധാന നിരീക്ഷണം സുപ്രീംകോടതി നടത്തിയത്. എല്ലായിപ്പോഴും ഒരിടം പ്രതിഷേധത്തിനായി കയ്യേറാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.
പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അനുമതിയുള്ള ഇടങ്ങളില്‍ നിശ്ചിത സമയത്തേക്ക് ആയിരിക്കണം പ്രതിഷേധങ്ങള്‍ നടക്കേണ്ടത് എന്നും കോടതി നീരിക്ഷിച്ചു. അനുമതിയില്ലാതെ പ്രതിഷേധങ്ങള്‍ നടത്താന്‍ പാടില്ലെന്ന കേന്ദ്ര വാദത്തെ എതിര്‍ത്ത് ഇന്നലെ ഡല്‍ഹി പോലീസിലെ ഒരു വിഭാഗം നടത്തിയ പ്രതിഷേധം ഹര്‍ജിക്കാര്‍ കോടതിയില്‍ പരാമര്‍ശിച്ചു.
ഡല്‍ഹി പൊലീസ് ജന്തര്‍മന്തറിന് സമീപം സമരം ചെയ്യുമ്പോള്‍ നിരോധനാജ്ഞ ബാധകമല്ലേ എന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു. തുടര്‍ന്ന് സമര അനുകൂലികളും അതിനെ എതിര്‍ക്കുന്നവരും തമ്മില്‍ കോടതി മുറികളില്‍ വാക്കു തര്‍ക്കം ഉണ്ടായതോടെ ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി.ഇത് മീന്‍ചന്തയല്ല.ഈ രീതിയില്‍ ബഹളം വെയ്ക്കരുതെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ മുന്‍ വനിത ജഡ്ജിയുടെ നേതൃത്വത്തില്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിയില്‍ പറഞ്ഞു. ഈ വിഷയം പ്രത്യേകമായി ഈ മാസം 23ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.






