കോഴിക്കോട്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി. ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 101 ശതമാനം വർദ്ധനവ്.
പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിട്ടപ്പോള്‍ 15.99 കോടിയിലേറെ വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാരാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്തത്. കോഴിക്കോട് ജില്ലയില്‍ 81,44,631 പേർ യാത്രചെയ്തു. ഇതിലൂടെ 21,69,39,341 കോടി രൂപ വരുമാനമുണ്ടായി. മൂന്ന് പുതിയ ബസുകള്‍ യാത്രയ്ക്കായി ജില്ലയില്‍ അനുവദിക്കുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവുണ്ട്. കോഴിക്കോട് ജില്ലയിലെ പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ദിവസേന നൂറുകണക്കിന് ആളുകളാണ് പ്രിയദർശിനിയിലെത്തുന്നത്.
2026 ജൂണ്‍ 15 മുതല്‍ ഒക്ടോബർ 11 വരെ സംസ്ഥാനത്ത് 15,51,01,480 വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാർ സൗജന്യയാത്രയുടെ ഭാഗമായി. പ്രതിദിനം ശരാശരി 13.04 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള ജൂണ്‍ ഒന്ന് മുതല്‍ 14 വരെയുള്ള കാലയളവില്‍ ഓർഡിനറി സർവീസുകളിലെ വനിതാ യാത്രക്കാരുടെ പ്രതിദിന ശരാശരി 6.48 ലക്ഷം മാത്രമായിരുന്നു. 101 ശതമാനം വർദ്ധനവുണ്ടായെന്നാണ് കണക്ക്. ദൈനംദിന യാത്രകള്‍ക്ക് കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കുന്ന വനിതകളുടെ എണ്ണവും കൂടി.






