കോട്ടയം: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതും കേന്ദ്രസർക്കാർ കമ്പനികള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി കുറച്ചതും കാരണം രാസവള വില കുതിച്ചുയരുന്നു.
60- 70 ശതമാനത്തോളം വരെ വില വർദ്ധിച്ചതോടെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലായി.
കൃഷിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന പൊട്ടാഷ്, ഫാക്ടം ഫോസ്, തുരിശ് എന്നിവയുടെ വിലയില്‍ വലിയ വർദ്ധനവാണ് ഉണ്ടായത്. ആറു മാസംമുമ്പ് 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടം ഫോസിന് 2,350 രൂപയായി. 1,500 രൂപയായിരുന്ന പൊട്ടാഷിന്റെ വില 2,300 രൂപയും തുരിശിന്റെ വില 210ല്‍ നിന്ന് 540 രൂപയായും വർദ്ധിച്ചു.
നിലവില്‍ സബ്സിഡി തുടരുന്നതിനാല്‍ യൂറിയയുടെ വിലയില്‍ മാറ്റമില്ലെങ്കിലും യൂറിയ ക്ഷാമം കർഷകരെ വലയ്ക്കുന്നു.
ഇറാൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയില്‍ വളം നിർമ്മാണത്തിനുള്ള രാസവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് വില വർദ്ധിച്ചുതുടങ്ങിയത്. മിക്ക വളങ്ങള്ക്കൊപ്പവും പൊട്ടാഷ് ചേർത്താണ് ഉപയോഗിക്കേണ്ടത്. പൊട്ടാഷിന്റെ വിലയിലുണ്ടായ വർദ്ധനവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തെങ്ങ്, കുരുമുളക്, റബ്ബർ എന്നിവയുടെ കുമിള്‍ രോഗത്തിനുള്ള പ്രതിവിധിയായായ് ഉപയോഗിക്കുന്ന തുരിശിലെ പ്രധാന ഘടകമായ ചെമ്പിന് ഡിമാന്റ് വർദ്ധിച്ചതാണ് തുരിശ് വിലക്കയറ്റത്തിന് കാരണം.
രാസവളത്തിനു പകരം ജൈവവളങ്ങള്‍ ഉപയോഗിക്കണമെന്നു പറയുമ്പോഴും 10 കിലോ രാസവളത്തിന് പകരം ആറിരട്ടിയിലധികം ജൈവവളം ഉപയോഗിക്കണം .ഇത്ചെലവും അധ്വാനവും വർദ്ധിപ്പിക്കുന്നു. വിളവും കുറവാണ്. രാസവള വില വർദ്ധനക്കെതിരെ വിവിധ കർഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.
രാസവള വിലവർദ്ധന ഇങ്ങനെ
പൊട്ടാഷ്-1,500 - 2,300
ഫാക്ടം ഫോസ്-1,425-2,350
തുരിശ്-210-540
എൻ.പി.കെ 16:16:16 1,650 - 2,050
കൂട്ടുവളമായ എൻ.പി.കെ 18:18:18 1300 - 1390.






