കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.
അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നല്കാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു.
അതേസമയം, അഴിമതി നടത്തിയിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിയിട്ടില്ലെന്നും ബിനോയ് കുര്യൻ പ്രതികരിച്ചു.
പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ബിനോയ് കുര്യൻ ആയിരുന്നു വൈസ് പ്രസിഡന്റ്. ബജറ്റ് അവതരണ സമയത്ത് കോംപ്ലിമെന്ററി ബാഗ് വാങ്ങാൻ ബിനോയ് കുര്യൻ പണം ആവശ്യപ്പെട്ടെന്നും വലിയ തുക അല്ലെങ്കില്‍ കൊടുക്കാൻ പി പി ദിവ്യ പറഞ്ഞെന്നും കാർട്ടണ്‍ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പറയുന്നതായുള്ള ശബ്ദരേഖയാണ് മുഹമ്മദ് ഷമ്മാസ് പുറത്തുവിട്ടത്.
'ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ' എന്ന് ദിവ്യയുടെ നമ്പറില്‍ നിന്ന് അയച്ചതെന്ന തരത്തിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും ഷമ്മാസ് പുറത്തുവിട്ടു.
പി.പി ദിവ്യയും ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടണ്‍ ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് തെളിവാണിതെന്ന് മുഹമ്മദ് ഷമ്മാസ് പറയുന്നു.






