തിരുവനന്തപുരം: തിരുവോണദിനത്തില്‍ തലസ്ഥാനത്ത് ദാരുണ കൊലപാതകം. വർക്കല മുത്താനയില്‍ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി.
മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്.
വർക്കല-കല്ലമ്പലം അതിർത്തി പ്രദേശത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മുത്താന കൊച്ചാരുംപൊയ്കയില്‍ മദ്യപിച്ചുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രദേശവാസികളായ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. തുടർന്നുണ്ടായ വാക്കേറ്റവും കൈയങ്കളിയും ഒടുവില്‍ കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു.
സംഭവത്തിനിടെ ഗൗരികൃഷ്ണൻ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രിജുവിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു. നെഞ്ചില്‍ രണ്ടും പിൻഭാഗത്ത് ഒന്നും വീതം ആഴത്തില്‍ കുത്തേറ്റ പ്രിജുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കല്ലമ്പലം, വർക്കല, അയിരൂർ, പള്ളിക്കല്‍ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ ഉള്‍പ്പെടുന്ന വൻ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിലായ പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.






