മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ചിത്രത്തിന്റെ ഓണം സ്പെഷ്യല്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഹൻലാല്‍ പൊലീസ് യൂണിഫോമില്‍ ബുള്ളറ്റില്‍ ഇരിക്കുന്ന മാസ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
'എല്ലാവർക്കും അതിമനോഹരമായ ഓണാശംസകള്‍'- എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ ഹിറ്റ് കോംബോ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മുകേഷ്, ജഗദീഷ്, മനോജ് കെ ജയൻ, ഇർഷാദ്, വിഷ്ണു ജി വാര്യർ, പ്രമോദ് വെളിയനാട്, കിരണ്‍ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികള്‍ക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ - ബിനു പപ്പു, എഡിറ്റിംഗ് - വിവേക് ഹർഷൻ.






