സംസ്ഥാനത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത പവർകട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദ്യുതി നിയന്ത്രണത്തെത്തുടർന്ന് ദുരിതത്തിലായ പൊതുജനങ്ങളുടെ വിഡിയോകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരം സർക്കാരിനെതിരെ രംഗത്തെത്തിയത്.
തന്റെ അമർഷവും പരിഹാസവും താരത്തിന്റെ പോസ്റ്റുകളില്‍ നിറഞ്ഞു നില്ക്കുന്നു. ''മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട...'' എന്ന കുറിപ്പിനൊപ്പം 'കേരളം ഇരുട്ടില്‍' എന്നൊരു പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഇരുട്ടില്‍ കൊളുത്തിവച്ച മണിവിളക്കായിരുന്നു' എന്ന ഗാനത്തോടൊപ്പമാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.
വൈദ്യുത നിരക്ക് വർധനയ്ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച്, 'ഇപ്പോള്‍ കറണ്ട് എവിടെ?' എന്ന് ചോദിക്കുന്ന വീഡിയോയും ട്രോള്‍ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് 'എല്ലാ മലയാളികള്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇന്ദിരാ പവർകട്ട് ആശംസകള്‍' എന്ന പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം വൈദ്യുത നിയന്ത്രണത്തിനെതിരെ കുട്ടികളും വീട്ടമ്മമാരും യുവാക്കളും പ്രതികരിക്കുന്ന റീലുകളും ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബറില്‍ മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കഴിഞ്ഞദിവസം മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. നിയന്ത്രണമുള്ള സമയം വ്യാഴാഴ്ച മുതല്‍
കെ.എസ്.ഇ.ബി.മുൻകൂട്ടി അറിയിക്കും. ജനത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി, എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചിരുന്നു. ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നുവെന്ന പരാതി ഇന്നും തുടരാനാണ് സാധ്യത. ആയിരം മെഗാവാട്ടിനോട് അടുത്ത് വൈദ്യുതിയുടെ കുറവ് കഴിഞ്ഞദിവസവും രേഖപ്പെടുത്തിയിരുന്നു.






