തിരുവനന്തപുരം: ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അപക്വമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിശക്കുന്നവർക്ക് ആഹാരം നൽകുന്നവരെ തടയുന്നത് ഒരു സർക്കാരിന്റെ നയമാകുന്നത് എങ്ങനെയാണെന്നും കേരളത്തിന്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് നയമായി സ്വീകരിച്ച മറ്റൊരു സർക്കാരിനെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിശക്കുന്നവർക്ക് അന്നം നൽകുന്നത് ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. ആശുപത്രികൾ കേന്ദ്രീകരിച്ച് സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യർക്കാണ് ആശ്വാസമാകുന്നത്. എഐവൈഎഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ മാതൃകാപരമായി ഈ പ്രവർത്തനം നടത്തുന്നുണ്ട്. പൊതിച്ചോർ വാങ്ങാനെത്തുന്നവരോ അത് തയ്യാറാക്കി നൽകുന്ന കുടുംബങ്ങളോ ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
സേവനതത്പരരായ ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് പൊതിച്ചോർ വിതരണം. മഴയത്തും വെയിലത്തും ആഘോഷദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് വീടുകൾ കയറിയിറങ്ങി ഭക്ഷണപ്പൊതികൾ ശേഖരിച്ച് ആശുപത്രികൾക്ക് മുന്നിലെത്തിക്കുകയും കാത്തുനിൽക്കുന്നവർക്ക് സ്നേഹപൂർവം വിതരണം ചെയ്യുകയും ചെയ്യുന്നത് ശ്രമകരമായ പ്രവർത്തനമാണ്. യുവജന സംഘടനാ പ്രവർത്തനത്തിന്റെയോ ജനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെയോ അനുഭവമുള്ള ഒരു പൊതുപ്രവർത്തകനും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളെ തള്ളിപ്പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശപ്പിന് രാഷ്ട്രീയമില്ല. ആശുപത്രികളിൽ രോഗികളായും കൂട്ടിരിപ്പുകാരായും എത്തുന്നവരുടെ വിശപ്പിന് പരിഹാരം കാണാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇക്കാര്യം ആലോചിക്കുമെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ആ ആലോചന പോലും ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള പൊതിച്ചോർ വിതരണം ഇല്ലാതാക്കാൻ ഇത്രയും വ്യഗ്രത കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
‘അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ല’ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.






