കോട്ടയം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ന്യൂജഴ്സിയിൽ പന്തുരുളുമ്പോൾ കോട്ടയവും ആവേശക്കടലാകും. ലോകകപ്പിലെ നിർണായക കിരീടപ്പോരാട്ടം കൂട്ടായിരുന്ന് ആസ്വദിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ലൈവ് സ്ക്രീനിങ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജങ്ഷനുകൾ, പൊതുഇടങ്ങൾ, ലൈബ്രറി പരിസരങ്ങൾ, തീയേറ്ററുകൾ തുടങ്ങി നിരവധി കേന്ദ്രങ്ങൾ ഇതിനകം ഫുട്ബോൾ ആരാധകരെ വരവേൽക്കാൻ സജ്ജമായിക്കഴിഞ്ഞു.
വീടുകളിലെ ടെലിവിഷനുകൾക്ക് മുന്നിൽ ഒതുങ്ങാതെ നൂറുകണക്കിന് ആരാധകർക്കൊപ്പം ആരവങ്ങളോടെ മത്സരം കാണാനുള്ള തയ്യാറെടുപ്പിലാണ് ഫുട്ബോൾ പ്രേമികൾ. ഗോളുകൾക്കും മികച്ച സേവുകൾക്കും കളിയിലെ നിർണായക നിമിഷങ്ങൾക്കും ഒരേ സ്വരത്തിൽ ആർപ്പുവിളിക്കാൻ കഴിയുന്ന സ്റ്റേഡിയ അന്തരീക്ഷം ഒരുക്കുകയാണ് പൊതുപ്രദർശന കേന്ദ്രങ്ങളുടെ ലക്ഷ്യം.
രാഷ്ട്രീയ പാർട്ടികൾ, ലൈബ്രറികൾ, വിവിധ സംഘടനകൾ, ക്ലബ്ബുകൾ, യുവജന കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിലാണ് പലയിടത്തും തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നത്. ചില കേന്ദ്രങ്ങളിൽ സൗജന്യമായി മത്സരം കാണാൻ അവസരമുണ്ടെങ്കിൽ തീയേറ്ററുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം.
വലിയ എൽ.ഇ.ഡി സ്ക്രീനുകളും പ്രൊജക്ടറുകളും മികച്ച ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ചാണ് മത്സരം പ്രദർശിപ്പിക്കുക. മഴ കണക്കിലെടുത്ത് ചില കേന്ദ്രങ്ങളിൽ പന്തലുകളും കാണികൾക്കായി ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ നേരിട്ട് മത്സരം കാണുന്ന പ്രതീതി ആരാധകർക്ക് സമ്മാനിക്കാനാണ് സംഘാടകരുടെ ശ്രമം.
കോട്ടയത്തിനു സമീപം കുമ്മനം ജങ്ഷൻ, താഴത്തങ്ങാടി ഇക്ബാൽ ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ഫുട്ബോൾ ആവേശം ഇതിനകം സജീവമാണ്. കുമരകം പഞ്ചായത്ത് ഓഫീസ്, പനച്ചിക്കാട് പരുത്തുംപാറ, പള്ളിക്കത്തോട്, നാഗമ്പടം, വെള്ളൂർ തണ്ണിപ്പള്ളി, ചന്ദ്രാമല, മണർകാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ഫൈനൽ മത്സരം കാണുന്നതിനായി സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കോട്ടയം അഭിലാഷ് തിയേറ്റർ, അനുപമ തിയേറ്റർ, തലയോലപ്പറമ്പ് മൈ സിനിമാസ് എന്നിവിടങ്ങളിൽ ടിക്കറ്റെടുത്ത് ബിഗ് സ്ക്രീനിൽ ഫൈനൽ ആസ്വദിക്കാം. സെമിഫൈനൽ മത്സരങ്ങൾക്കും തീയേറ്ററുകളിൽ പ്രദർശന സൗകര്യം ഒരുക്കിയിരുന്നു. വലിയ സ്ക്രീനുമായി ലുലുമാളിലും ഫുട്ബോൾ ആരാധകർക്കായി പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. വിവിധ ടർഫുകളോടു ചേർന്നും പലയിടങ്ങളിൽ ലൈവ് സ്ക്രീനിങ് നടക്കും.
അതേസമയം, അർജന്റീനയുടെയും സ്പെയിനിന്റെയും ആരാധകർ വലിയ തോതിൽ ഒത്തുചേരുന്ന കേന്ദ്രങ്ങളിൽ മത്സരാവേശം സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. ആരാധകർ തമ്മിൽ വാക്കേറ്റമോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പ്രദർശന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യവും ഉറപ്പാക്കും.
ലോകകപ്പ് കിരീടം ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയ്ക്കൊപ്പം ഫൈനലിന്റെ ഓരോ നിമിഷവും കൂട്ടായിരുന്ന് ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് കോട്ടയത്തെ ഫുട്ബോൾ ആരാധകർ. മത്സരവേദി ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും ഫൈനലിന്റെ ആവേശത്തിൽ കോട്ടയവും ഒരു വലിയ ഫുട്ബോൾ ഗാലറിയായി മാറുകയാണ്.






