ഡൽഹി.. ഉത്തർപ്രദേശിലെ ആസംഗഢില്‍ കുടുംബാംഗങ്ങളെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന ശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിയും കൊല്ലപ്പെട്ടു.
അഹ്രൗള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഭൂപുർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.
അഹ്രൗള സ്വദേശിയായ അർവിന്ദ്, ഭാര്യ ബബിത സിങ് (32), പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മാനസികാസ്വസ്ഥതയും അക്രമവാസനയും പ്രകടിപ്പിച്ചിരുന്ന അർവിന്ദിന്റെ ബാധയൊഴിപ്പിക്കാനായി കുടുംബം വീട്ടില്‍ പൂജ സംഘടിപ്പിച്ചിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അർവിന്ദ്, തന്റെ ഭാര്യയും അമ്മയും ചേർന്ന് പൂജാരിമാരുടെ നേതൃത്വത്തില്‍ പൂജ നടത്തുന്നത് കണ്ട് പ്രകോപിതനായി. തുടർന്ന് കയ്യിലുണ്ടായിരുന്ന ലൈസൻസുള്ള തോക്കെടുത്ത് ഇയാള്‍ ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തന്റെ മൂന്ന് മക്കളെയും ഒരു മുറിയില്‍ കയറ്റി ഇയാള്‍ വാതില്‍ അടച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വീട് വളഞ്ഞെങ്കിലും അർവിന്ദ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല, അകത്തുനിന്ന് സ്വന്തം മകനുനേരെ വെടിയുതിർക്കുകയും മൂത്ത മകളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് വരാണസി സോണ്‍ എ.ഡി.ജി.പി. നവീൻ അറോറ, ആസംഗഢ് എസ്.എസ്.പി. ഡോ. അനില്‍ കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ച് വാതില്‍ തകർത്ത് അകത്തുകടന്നു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ അർവിന്ദും മകനും ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്.






