തിരുവനന്തപുരം: സഹപ്രവർത്തകരില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്ണക്കെതിരെയാണ് കേസ് എടുത്തത്.
യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നല്കിയ പണം തട്ടി എടുക്കുകയായിരുന്നു. ഈ പണം ശംഭു ഓണ്‍ലൈനായി ചീട്ട് കളിച്ച് കളഞ്ഞെന്നും എഫ്ഐആറില്‍ പറയുന്നു.
എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളില്‍ നിന്ന് യൂണിഫോം മെറ്റീരിയല്‍ വാങ്ങുന്നതിനും യൂണിഫോം സ്റ്റിച്ചിങ്ങിനുമായി പണം ശേഖരിച്ചെന്നാണ് എഫ്ഐആറിലെ വിവരം.
യൂണിഫോം കമ്മിറ്റി അംഗമായ പ്രതി എസ്എപിയിലെ ഡ്രൈ കാന്റീനിലും വില്‍സണ്‍ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളില്‍ നിന്നും പണം വാങ്ങിയത്.
2026 ജൂലൈ 3 മുതല്‍ 13 വരെ നിരവധി പോലീസ് റിക്രൂട്ട് ട്രെയിനികളില്‍ നിന്ന് പണം പ്രതിയുടെ ഫോണ്‍ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. സംഭവത്തില്‍ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.






