തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സില്‍ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍.
11 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടുന്നത്. കന്യാകുമാരി സ്വദേശിയായ മഷുക് മുഹമ്മദ് അലിയാണ് വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന ബസ്സില്‍ പേയാടിനടുത്ത് വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈല്‍ ഫോണില്‍ പകർത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. യുവതിയുടെ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു.
എന്നാല്‍ യുവതി പകർത്തിയ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതോടെ പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതി കന്യാകുമാരി സ്വദേശി മഷുക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും മാസങ്ങളോളം കണ്ടെത്താൻ കഴിഞ്ഞില്ല. 11 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി ചെന്നൈയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ചെന്നൈയിലെത്തി മഷൂക്കിനെ കസ്റ്റഡിയിലെടുത്തു.






