കോട്ടയം : ഇല്ലിക്കല്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തി കെഎസ്ഇബി ഉദ്യോഗസ്ഥൻ. സംഭവത്തില്‍ നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മനോജിനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്.
വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ മനോജ് പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു. പോലീസിനെ വെട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച ഇയാളെ പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം തടഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും ആക്രമണം നടത്തുകയും ചെയ്തു.
വെസ്റ്റ് പോലീസ് എസ്ഐ സലീം കുമാറിനും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും നേരെയാണ് മനോജിന്റെ ഭാഗത്തുനിന്നും കയ്യേറ്റവും കടുത്ത വാക്കേറ്റവുമുണ്ടായത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പ്രതിയെ പിന്നീട് പോലീസ് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് പോലീസിന് നേരെ കെ.എസ്.ഇ.ബി ജീവനക്കാരൻ നടത്തിയ അതിക്രമം പ്രദേശത്ത് വലിയ തോതില്‍ സംഘർഷത്തിന് ഇടയാക്കി.






