കണ്ണൂർ: കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എക്സൈസും പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി.
രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണൂർ മർക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസിനെ ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐയ്ക്ക് പരിക്കേൽക്കുകയും ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ പുഴയിൽ നഷ്ടപ്പെടുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുപുഴ പാലത്തിന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ.
വിരാജ്പേട്ടയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ബസിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് 25കാരനായ അലിഷൻ ഫായിസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
ഉദ്യോഗസ്ഥർ പിന്നാലെ ഓടിയതോടെ ഇയാൾ കഞ്ചാവടങ്ങിയ ബാഗും ചെരുപ്പും പാലത്തിൽ ഉപേക്ഷിച്ച് താഴെ പുഴയിലേക്ക് ചാടുകയായിരുന്നു.
ചാടുന്നതിനിടെ കരിക്കോട്ടക്കരി എസ്ഐ ജോസ് പി. ജോസ് യുവാവിന്റെ ഷർട്ടിൽ പിടിമുറുക്കിയെങ്കിലും വരുതിയിലാക്കാനായില്ല.
ഈ ഘട്ടത്തിലാണ് എസ്ഐയുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റത്.
തുടർന്ന് പുഴയുടെ മറുകരയിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് വളഞ്ഞു. എന്നാൽ വീണ്ടും പുഴയിലേക്ക് ചാടിയ ഇയാൾ ശക്തമായ ഒഴുക്കുള്ള ഭാഗത്തെ കല്ലിൽ കയറിയിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കി.
പൊലീസും എക്സൈസും നാട്ടുകാരും വെള്ളത്തിലിറങ്ങി ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പലതവണ നീന്തി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവിൽ രണ്ടു മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ സാഹസികമായി പിടിയിലാക്കിയത്.






