കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസ് പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അപ്പീലിൽ പിഴവുണ്ടെന്ന് കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പിഴവുകള്‍ തിരുത്തി ഹരജി വീണ്ടും സമർപ്പിച്ചിരിക്കുകയാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.
അതേസമയം, ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ സന്ദർശിച്ചിരുന്നു.
കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടു.
ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് പിന്നാലെ ആഭ്യന്തരമന്ത്രിയും ഇന്ന് ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിക്കും.
അന്വേഷണത്തിന്റെ പ്രരംഭ ഘട്ടത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്കിടെ ആഭ്യന്തരമന്ത്രി
എഡിജിപി പി.വിജയനെ നടപടികളെ കുറിച്ച് പരിശോധിക്കാൻ നേരിട്ടയച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരമന്ത്രി തന്നെ നേരിട്ടത്തുന്നത്.
അതേസമയം, കേസിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി പറഞ്ഞു.
ഇന്ന് കോടതിയിൽ ഹാജരായ അഭിഭാഷകന് താൻ തന്നെയാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്നും ആരും ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചിട്ടില്ലെന്നും ഭദ്ര വ്യക്തമാക്കി.
കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഭദ്ര അറിയിച്ചു.
അതേസമയം, മറ്റൊരു വക്കാലത്ത് നൽകിയെന്ന വിവരം അറിയില്ലെന്നും അവർ വ്യക്തമാക്കി.
കോടതിയുടെ തീരുമാനം വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഭദ്ര കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.
അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അമിതവേഗതയില്‍ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്കൂട്ടറിലിടിച്ചത്.
അപകടത്തില്‍ ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്ന് എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.






