തിരുവല്ല: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച
കേസിൽ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു.
പുളിക്കീഴ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആണ് സംഭവം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയിലെ ഇരുമ്പു കുറ്റിയിലാണ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയിട്ടിരുന്നത്.
രാത്രി 11 മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരി പ്രതി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.






