തിരുവനന്തപുരം: കേരളത്തിലെ പൊലിസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി നിർണായക ഉത്തരവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഒ) ഉൾപ്പെടെയുള്ള എല്ലാ പൊലിസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ജില്ലാ പൊലിസ് മേധാവികൾക്ക് അദ്ദേഹം നിർദേശം നൽകി.
ഉദ്യോഗസ്ഥരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളിലൊഴികെ, ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട ഈ പ്രതിവാര അവധി ഒരിക്കലും നിഷേധിക്കാൻ പാടില്ല.
അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് സേനയിലെ എല്ലാവർക്കും കൃത്യമായി അവധി ലഭ്യമാക്കുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവികൾ ഉറപ്പുവരുത്തണം.
പൊലിസുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആവശ്യത്തിന് അവസരം ഒരുക്കുകയാണ് ഈ പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന പൊലിസ് സേനാംഗങ്ങൾ എ.ഡി.ജി.പിയുടെ ഈ ഉത്തരവിനെ ഏറെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയുമാണ് നോക്കിക്കാണുന്നത്.
കുടുംബവുമായി ബന്ധപ്പെട്ട പ്രധാന അവസരങ്ങളിലും ഉദ്യോഗസ്ഥർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ അവധി അനുവദിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.






