തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം അധിക റൈസ് (ചോറ്) ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വിദ്യാർഥികൾക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരം പേട്ടയിൽ പ്രവർത്തിക്കുന്ന 'ക്യാപിറ്റൽ മന്തി' എന്ന ഹോട്ടലിലാണ് സംഭവം.
സംഭവത്തിൽ ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരും അടക്കം മൂന്ന് പേരെ പേട്ട പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്കോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്.
ഹോട്ടലിൽ നിന്ന് ഹാഫ് മന്തി കഴിക്കുന്നതിനിടെ കുട്ടികൾ എക്സ്ട്രാ റൈസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫുൾ മന്തി ഓർഡർ ചെയ്യുന്നവർക്ക് മാത്രമേ അധികമായി റൈസ് നൽകാൻ സാധിക്കൂ എന്ന് ജീവനക്കാർ നിലപാടെടുത്തു.
ഇതിനെച്ചൊല്ലി ആരംഭിച്ച വാക്കുതർക്കം ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. കടയുടമയും ജീവനക്കാരും ചേർന്ന് തങ്ങളെ മർദ്ദിച്ചതായി കാട്ടി കുട്ടികളുടെ ബന്ധുക്കൾ പേട്ട പൊലിസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഉടൻ സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






