ഡല്‍ഹി: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസില്‍ വനിതാ ഹോക്കി സ്വർണം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ നേട്ടം ഏറെ സവിശേഷമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടീമിന്റെ ഈ നേട്ടം രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി കൂടുതല്‍ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
'ഇന്ത്യൻ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതയുള്ള നിമിഷമാണിത്. ഏഷ്യൻ ഗെയിംസില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സ്വർണ മെഡല്‍ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തില്‍ രാജ്യം മുഴുവൻ സന്തോഷിക്കുകയാണ്. മികച്ച കഴിവിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ് ഈ നേട്ടം. ടീമിന്റെ നിശ്ചയദാർഢ്യവും ഏറെ പ്രചോദനകരമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഈ വിജയം രാജ്യത്തുടനീളം ഹോക്കിയുടെ ജനപ്രീതി ഇനിയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- മോദി കൂട്ടിച്ചേർത്തു.






