തിരുവനന്തപുരം; മലബാർ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി.
യുഡിഎഫ് പ്രകടനപത്രികയില്‍ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകള്‍ നല്‍കുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർകോട് (10 ) എന്നിങ്ങനെയാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ചത്. ഒരു ബാച്ചില്‍ 60 വിദ്യാർത്ഥികള്‍ക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. 120 താത്കാലിക ബാച്ചുകള്‍ അനുവദിച്ചാല്‍ അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം സാദ്ധ്യമാകും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം നല്‍കണമെന്നാണ് വകുപ്പിന്റെ നിലപാട്.
അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണമാണ് താത്കാലിക ബാച്ചുകളിലൂടെ ലക്ഷ്യമിടുന്നത്. മലബാർ മേഖലയില്‍ പട്ടികജാതി, പട്ടിക വർഗം, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവർക്കടക്കം സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ അർഹതപ്പെട്ട വിദ്യാർത്ഥികളില്ലാത്തതിനാല്‍ മൂന്നാമത്തെ അലോട്ട്മെന്റില്‍ അവ മെരിറ്റ് സീറ്റുകളാക്കി മാറ്റിയിരുന്നു.






