പാലക്കാട്: പാർട്ടിയുടെ സംഘടനാരംഗത്തെ തെറ്റുതിരുത്തലും ആത്മപരിശോധനയും ലക്ഷ്യമിട്ടുള്ള സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കും.
രാവിലെ 9:30ന് മുതിർന്ന നേതാവ് പി.ഉണ്ണി പതാക ഉയർത്തുന്നതോടെ യോഗ നടപടികള്‍ക്ക് തുടക്കമാകും. തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 125 പ്രതിനിധികളാണ് രണ്ടുദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ പോറലേല്‍ക്കാതെ കോട്ട കാത്തത് പാലക്കാട് ജില്ലാ നേതൃത്വത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
എങ്കിലും പാർട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ യോഗത്തില്‍ വലിയ രീതിയില്‍ ചർച്ചയാകും.






