തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ ജോസഫിന് കാബിനറ്റ് പദവി നല്‍കില്ല. ഒരു കുടുംബത്തില്‍ രണ്ട് പേർക്ക് കാബിനറ്റ് പദവി നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
പി.ജെ.ജോസഫിൻെറ മകൻ അപു ജോണ്‍ കാബിനറ്റ് പദവിയുളള ചീഫ് വിപ്പാണ്. തീരുമാനമെടുത്താല്‍ വിമർശനം ക്ഷണിച്ച് വരുത്തുന്നത് പോലെയാകുമെന്ന് വിലയിരുത്തല്‍. പി.ജെ. ജോസഫിന് കാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ തർക്കങ്ങളും കടുത്ത അതൃപ്തിയും നിലനില്‍ക്കുന്നുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന പി.ജെ. ജോസഫിന് യുഡിഎഫ് നേതൃത്വം അധികാരത്തിലെത്തിയാല്‍ ഉന്നത പദവിയും കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചെങ്കിലും പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീളുന്നതില്‍ കേരള കോണ്‍ഗ്രസില്‍ അമർഷമുണ്ടായിരുന്നു. വയോജന കമ്മീഷൻ അധ്യക്ഷൻ ഉള്‍പ്പെടെയുള്ള പദവികളാണ് ജോസഫിനായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.






