കോട്ടയം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനും മുൻമന്ത്രിയുമായ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4,000 കിലോമീറ്റർ നീളത്തിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ വികസന പദ്ധതിയിൽ നിന്ന് കേരളം ഒഴിവാക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കേരളത്തെയും പദ്ധതിയിൽ പങ്കാളിയാക്കാൻ സംയുക്ത സമ്മർദ്ദം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ റോഡുകളിൽ ഉൾക്കൊള്ളാവുന്നതിലധികം വാഹനങ്ങൾ പെരുകിയ സാഹചര്യത്തിൽ യാത്രക്കാരുടെ സമയവും ഇന്ധനച്ചെലവിലൂടെ വലിയ തുകയും നഷ്ടപ്പെടുകയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന രീതിയിൽ പദ്ധതി നടപ്പാക്കിയാൽ കെ-റെയിൽ പദ്ധതിയിലുണ്ടായതുപോലെ ജനവാസ കേന്ദ്രങ്ങളിൽ വീടുകളും സ്ഥലങ്ങളും ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കും ലഭ്യമാക്കുകയാണ് സിംപോസിയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ ഇടനാഴികളിൽ മുംബൈ–പൂനെ, പൂനെ–ഹൈദരാബാദ്, ഹൈദരാബാദ്–ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡൽഹി–വാരണാസി, വാരണാസി–സിലിഗുരി എന്നിവ ഉൾപ്പെടുന്നു. കേരളത്തിലെ ഗതാഗത മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഈ പദ്ധതികളുടെ മാതൃകയിൽ പുതിയൊരു ശൃംഖലയോ നിലവിലുള്ള ഇടനാഴിയുടെ നീട്ടലോ സംസ്ഥാനത്തിന് അനുവദിക്കണമെന്നും സിംപോസിയത്തിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
കേന്ദ്ര വ്യോമയാന മന്ത്രാലയം മുൻ സെക്രട്ടറിയും എയർ ഇന്ത്യ ചെയർമാനുമായിരുന്ന കെ. റോയ് പോൾ ഐ.എ.എസ്. (റിട്ട.), സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോർജ് കുളങ്ങര, ചാക്കോച്ചൻ മണലേൽ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു.
പൊതു സമ്മേളനത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, കേരള ഗവണ്മെന്റ് ചീഫ് വിപ്പും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ അപു ജോൺ ജോസഫ്, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്, ജെയ്സൺ ജോസഫ്, ഗാന്ധിജി സ്റ്റഡി സെന്റർ കോർഡിനേറ്റർമാരായ എബി പൊന്നാട്ട്, ഡോ. ജോബിൻ എസ്. കൊട്ടാരം എന്നിവർ പ്രസംഗിച്ചു.






