കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികരും വിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലുമായി 22 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഓർത്തഡോക്സ്, യാക്കോബായ സഭാംഗങ്ങളായ വൈദികരടക്കമുള്ളവർക്കെതിരെയാണ് രാമമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
മൂവാറ്റുപുഴ സബ് കോടതി പള്ളി സംബന്ധിച്ച അവകാശ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച സംഘർഷമുണ്ടായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാർഥനയ്ക്കെത്തിയ ഓർത്തഡോക്സ് വൈദികരെയും വിശ്വാസികളെയും യാക്കോബായ വിഭാഗം തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
യാക്കോബായ വികാരി ഫാ. ലാൽമോൻ പട്ടരുമഠം ഉൾപ്പെടെയുള്ളവരാണ് ഒരു കേസിലെ പ്രതികൾ. അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തു. ഫാ. എബിൻ എബ്രഹാം ഉൾപ്പെടെയുള്ള വൈദികരും വിശ്വാസികളുമാണ് ഈ കേസിലെ പ്രതികൾ.
മദ്ബഹയ്ക്കുള്ളിൽ വൈദികർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ പള്ളിക്ക് പുറത്തും ഇരുവിഭാഗങ്ങളിലെ വിശ്വാസികൾ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പിറമാടം പള്ളിയിലെ സംഘർഷം ഉണ്ടായിരിക്കുന്നത്.






