നെയ്യാറ്റിൻകര: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന പിങ്ക് പൊലീസിന്റെ ഔദ്യോഗിക വാഹനത്തിന് മുകളിൽ കയറി മദ്യപൻ നടത്തിയ അതിക്രമം സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
പട്രോളിങ്ങിനായി പിങ്ക് പൊലീസ് സംഘം വാഹനം പാർക്ക് ചെയ്ത് ബസ് സ്റ്റാൻഡിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. ഇതിനിടെ മദ്യലഹരിയിലായിരുന്ന ഒരാൾ പൊലീസ് വാഹനത്തിന് മുകളിൽ കയറി നാട്ടുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.
പട്രോളിങ് പൂർത്തിയാക്കി തിരിച്ചെത്തിയ പൊലീസ് സംഘം ഇയാളെ വാഹനത്തിന് സമീപം കണ്ടെങ്കിലും മാറിനിൽക്കാൻ ആവശ്യപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാൽ പൊലീസ് പോയതിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് വാഹനത്തിന് മുകളിൽ കയറിയുള്ള ഇയാളുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ നെയ്യാറ്റിൻകര പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.
വാഹനത്തിന് മുകളിൽ കയറി ഇയാൾ നടത്തിയ അതിക്രമത്തെക്കുറിച്ച് പിങ്ക് പൊലീസ് സംഘം അറിഞ്ഞിരുന്നോ എന്നതിലും പൊലീസ് പരിശോധന നടത്തിവരികയാണ്.






