തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോണ്‍ഗ്രസ് പോലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയ്ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ യൂത്ത് കോണ്‍ഗ്രസ്സും പോലീസും സംയുക്തമായി നടത്തിയ ആസൂത്രിത അക്രമസംഭവങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്കിയ കത്തില്‍ പറയുന്നത്.
അക്രമികളായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പതിവ് സമരകേന്ദ്രങ്ങള്‍ ഒഴിവാക്കി ഹോസ്റ്റല്‍ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
സെപ്റ്റംബർ 30-ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം വടിവാള്‍, കരിങ്കല്ല്, ബിയർ കുപ്പികള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ഹോസ്റ്റല്‍ വളഞ്ഞതും തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞതും. ജില്ലാ അധ്യക്ഷൻ ഉള്‍പ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാൻ നേതൃത്വമോ പോലീസോ തയ്യാറായില്ല. മാത്രമല്ല, മാർച്ചിന് ശേഷം തിരികെയെത്തി അക്രമം തുടർന്ന യൂത്ത് കോണ്‍ഗ്രസ്സുകാർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നല്‍കുകയും ചെയ്തു.
പിന്നീട് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന വാർഡൻ്റെ അനുമതി പോലുമില്ലാതെ ഹോസ്റ്റല്‍ ഗേറ്റ് തകർത്ത് അകത്തുകയറിയ പോലീസ് എസ്എഫ്ഐ പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുകയാണുണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിദ്യാർഥികളെ ശാന്തരാക്കാൻ എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പോലീസ് തല്ലിച്ചതച്ചു.
ഈ അതിക്രമത്തില്‍ മൂന്ന് വിദ്യാർഥികള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നാല്‍പ്പതോളം പേർക്ക് മർദ്ദനമേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് അക്രമികള്‍ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പോലീസ് മൗനാനുവാദം നല്‍കുകയാണുണ്ടായതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പി ഡി പി പി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താൻ തയ്യാറാകാത്ത പോലീസ്, പോലീസിൻ്റെ തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച സി പി എം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിലെ ഇരട്ടനീതിയും കത്തില്‍ എടുത്തുപറയുന്നുണ്ട്.
ഇതിനുപുറമെ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുള്‍പ്പെടെ പരാമർശിച്ച് ഭീഷണിപ്പെടുത്തിയ കന്റോണ്‍മെൻ്റ് എസ്ഐയുടെ നടപടി പോലീസ് ആക്ടിൻ്റെ നഗ്നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി പറഞ്ഞു.
നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ നിയമലംഘകർക്ക് കുടപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.






