തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കി സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വൻകിട കമ്പനികള്‍ക്ക് വേണ്ടിയാണ് സർക്കാർ ക്ഷാമം പറയുന്നതെന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ നിലപാടെടുക്കേണ്ടത് വൈദ്യുതി ബോർഡാണെന്നും സർക്കാരിന് അതില്‍ വലിയ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബിയെ തള്ളുന്ന സർക്കാരിന്റെ നിലപാട് ദുരൂഹമാണ്. വൈദ്യുതി മന്ത്രിയെയും ബോർഡിനെയും തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ വലിയ ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ച് നടക്കാൻ പാടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്നും, എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് വകുപ്പും ബോർഡ് മന്ത്രിയുമെന്നും അദ്ദേഹം ചോദിച്ചു.
നാട്ടില്‍ മഴ ലഭിക്കുന്നുണ്ടെന്നും വടക്കേ ഇന്ത്യയില്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ അവിടെ വൈദ്യുതി ആവശ്യകത കുറയുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. രാജ്യത്താകെ വൈദ്യുതി ലഭ്യത മെച്ചപ്പെടുന്ന സാഹചര്യമുള്ളപ്പോഴും വലിയ പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തില്‍ ഏറിയ പങ്കും സ്വകാര്യ കുത്തകകളാണെന്നും, അവരുടെ താല്പര്യം സംരക്ഷിക്കാനാണോ ഈ പ്രതിസന്ധി വാദം ഉയർത്തുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ നിലവില്‍ യഥാർത്ഥ വൈദ്യുതി ക്ഷാമമില്ലെന്നും ഇത് കൃത്രിമമായി അവതരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വാങ്ങാൻ കരാർ വച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയായ ദിശയിലല്ല. വൈദ്യുതി ബോർഡും മന്ത്രിയും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. ബോർഡിന്റെ നിലപാട് തെറ്റാണെന്ന് പറയാൻ പറ്റാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന് വിപരീതമായി തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.






