ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് പറഞ്ഞു.
ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസ് തുടരുന്നതെന്നും പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് വിവരിച്ചു. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ഡൽഹി പൊലീസ് അവഗണന തുടരുകയായിരുന്നു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ശക്തമായി തുടരുകയാണ്. സിജെപി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ഡൽഹി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. മാർച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.






