എടവണ്ണ: മന്ത്രവാദത്തിന്റെ മറവില് 17കാരിയെ പീഡിപ്പിച്ച കേസില് ഒളിവില്പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയില്.
ജസല് ജിലാനി തങ്ങളെ(35)യാണ് എടവണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാം എന്നുപറഞ്ഞ് പ്രതി പെണ്കുട്ടിയെയും മാതാവിനെയും കുണ്ടുതോടുള്ള പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സക്കിടെ പീഡിപ്പിക്കുകയായിരുന്നു.പിന്നീട് പെണ്കുട്ടിയുടെ മാതാവുമായി സൗഹൃദത്തിലാവുകയും ആഗസ്തില് ഇരുവരും നാടുവിടുകയുമായിരുന്നു.
തുടർന്ന് പ്രതിയെയും സ്ത്രീയെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ ഡിവൈഎസ്പി. കെ റഫീഖ്, വണ്ടൂർ സിഐ ഗോപകുമാർ എന്നിവരുടെ മേല്നോട്ടത്തില് നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.പ്രതിയും സ്ത്രീയും കാസർകോട്- കർണാടക അതിർത്തിയായ ആനക്കല്ല് എന്ന സ്ഥലത്തെ ഉള്പ്രദേശത്ത് ഒളിവില് താമസിച്ചു വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പ്രതികളെ അറസ്റ്റു ചെയ്തു.എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ ജാൻസി, സിവില് പൊലീസ് ഓഫീസറായ സുബിൻ, സ്കോട് അംഗങ്ങളായ പി സാബിറലി, സി കെ സജേഷ്, സജീഷ് നിലമ്പൂർ, എം കൃഷ്ണദാസ് എന്നിവർ ഉള്പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്ക്കെതിരെ എടവണ്ണ പൊലീസ് സ്റ്റേഷനില് ഭാര്യയെ ഉപദ്രവിച്ചത് ഉള്പ്പെടെ കേസുണ്ട്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






