ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജിയിലുള്ള ആസ്താ കുഞ്ച് പാർക്കില്‍ 17കാരി കൂട്ടപീഡനത്തിനിരയായ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന സംശയത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.
കേസിലെ പ്രധാന പ്രതിയായ ആസിഫ് ഉള്‍പ്പെടെ അറസ്റ്റിലായ മൂന്ന് പേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ സമീപത്തെ കടയില്‍നിന്ന് ഭക്ഷണം കഴിക്കുകയും പിന്നീട് വീട്ടിലെത്തി വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
17-ാം ജന്മദിനത്തില് കല്‍ക്കാജി മന്ദിറില്‍ പ്രാർഥന നടത്തിയശേഷമാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം ആസ്താ കുഞ്ച് പാർക്കിലെത്തിയത്. പാർക്കിന്റെ ഏഴാം നമ്പർ ഗേറ്റിലൂടെ അകത്തുകയറിയ ഇരുവരെയും പ്രതികള്‍ ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടർന്നതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പൊലീസുകാരാണെന്ന് പരിചയപ്പെടുത്തി ഇരുവരെയും തടഞ്ഞുനിർത്തി. നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം കത്തിയും തോക്കും കാണിച്ച് പെണ്‍കുട്ടിയെ സുഹൃത്തില്‍നിന്ന് വേർതിരിക്കുകയും പാർക്കിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റകൃത്യത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നും പൊലീസ് പറയുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാർക്കില്‍ ഇവർക്ക് സമാനമായ മറ്റ് അതിക്രമങ്ങളില്‍ പങ്കുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ നേരത്തെയും പാർക്കിലെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ എത്താറുണ്ടായിരുന്നുവെന്ന വിവരവും അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയായ ആസിഫിന്റെ പക്കല്‍നിന്ന് തോക്കും കത്തിയും ഗർഭനിരോധന ഉറകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണില്‍ അശ്ലീല വീഡിയോകളും കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാർക്കിലെത്തുന്ന ദമ്പതികളെ ഇയാള്‍ നേരത്തെയും ശല്യം ചെയ്തിരുന്നതായി പ്രദേശവാസികളില്‍നിന്നും പാർക്ക് ജീവനക്കാരില്‍നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസിലെ മറ്റ് പ്രതികളായ ഹേമന്തിനും സഹോദരൻ മഹേഷിനുമെതിരെയും നേരത്തെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതികള്‍ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്ക് പാർക്കിലെ ആളൊഴിഞ്ഞ ഭാഗങ്ങളെക്കുറിച്ച് നേരത്തെ പരിചയമുണ്ടായിരുന്നോ, സമാനമായ സംഭവങ്ങളില്‍ ഇവർക്ക് പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.






