പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നേതാക്കള്‍ക്കെതിരെ പ്ലക്കാർഡുമായി മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാള്‍ പ്രതിഷേധം.
തെറ്റുതിരുത്തല്‍ പ്രക്രിയകള്‍ ചർച്ച ചെയ്യുന്നതിനായി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ബാങ്ക് വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവല്ല നെടുമ്പ്രം സ്വദേശിയായ ബാലകൃഷ്ണനാണ് പാർട്ടി നേതാക്കള്‍ക്കെതിരെ പരസ്യപ്രതിഷേധവുമായെത്തിയത്. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ആർ. സനല്‍കുമാർ, മുൻ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധം.
ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കള്‍ വായ്പ ക്രമക്കേടിലൂടെ സ്ഥലം തട്ടിയെടുത്തു എന്നാണ് ആരോപണം. പാർട്ടി കമ്മിറ്റികളില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതിനാലാണ് പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ നേതാക്കള്‍ പൂർണ്ണമായി തള്ളിക്കളഞ്ഞു.






