ഡൽഹി: ഇത്തവണത്തെ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡല്ഹിയില് രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങള്ക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും.
രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഘാടകർ പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബിജെപി എംഎല്എ അശോക് ഗോയല് ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് മറ്റ് കോലങ്ങള്ക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അശോക് ഗോയല് ദേവരഹ വാർത്താ ഏജൻസിയോട് പറഞ്ഞു.
രാജ്യത്തുടനീളം വലിയ ആവേശത്തോടെയാണ് വിജയദശമി ആഘോഷിക്കുന്നതെന്നും തിന്മയ്ക്ക് മേല് നന്മ വിജയം നേടുന്നതിന്റെ പ്രതീകമാണ് ഈ ആഘോഷമെന്നും അശോക് ഗോയല് പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി രാവണൻ, മേഘനാദൻ, കുംഭകർണൻ എന്നിവരുടെ കോലങ്ങള് കത്തിച്ചുവരുന്നു. അവസാനം സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നത്.






