വിഴിഞ്ഞം: വിഴിഞ്ഞം നിവാസികളെ അത്ഭുതപ്പെടുത്തി പറക്കുംതളിക മോഡൽ വാഹനം. ഏകദേശം ഉച്ചക്ക് പന്ത്രണ്ടരയോടെ കടലില് നിന്നു പറക്കുംതളിക മാതൃകയില് രണ്ടു കൂറ്റൻ വാഹനം കരയിലേക്കു പ്രവേശിച്ചു....
തിരമാലകളെ വേഗത്തില് തള്ളിനീക്കി പൊടിയും പറത്തി മണല്പ്പരപ്പില് ഉറച്ചു നിന്ന വാഹനത്തില് സൈനികരും...
നാടോടിക്കഥകളിലും മറ്റും കേട്ടുകേള്വിയുള്ള അപൂർവ വാഹനത്തിന്റെ അപ്രതീക്ഷിതമായ വരവ് കണ്ട വിഴിഞ്ഞം അടിമലത്തുറ നിവാസികള് ഞെട്ടി. ഉള്ക്കടലില് കൂടി മാത്രം ഓടുന്നതു കണ്ടിട്ടുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും യുദ്ധക്കപ്പല് മാതൃകയിലുള്ള വാഹനത്തിൻന്റെ വരവിനെക്കുറിച്ചു പലകഥകളും പറഞ്ഞു. കണ്ടു നിന്ന വിദേശികള് ഉള്പ്പെടെയുള്ള സഞ്ചാരികളും അമ്പരന്നു. ഒടുവില് പൊലിസും കോസ്റ്റ് ഗാർഡ് സംഘങ്ങളും തീരദേശ പൊലിസ് സംഘവും കരയില് കയറിയ വാഹനത്തിന്റെ അടുത്തെത്തി കാര്യങ്ങള് തിരക്കിയതും തീരത്തുണ്ടായിരുന്നവർ കൗതുകത്തോടെ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാവല് കിടന്ന് ഇന്ത്യൻ ജനതയ്ക്കു സുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി നിർമിച്ച അത്യാധുനിക സംവിധാനമുള്ള രണ്ടു കപ്പലുകളാണ് ഇന്നലെ കൗതുക കാഴ്ചയൊരുക്കി കരയിലേക്ക് ഇരച്ചു കയറിയത്. ഗോവ ഷിപ്പിയാർഡില്നിന്ന് കമ്മിഷൻ ചെയ്തപാടെയാണ് മംഗലാപുരം, കൊച്ചി വഴി കപ്പലുകള് വിഴിഞ്ഞത്തെത്തിയത്. കേരളത്തിലെ ഏതൊക്കെ തീരമേഖലയില് കയറിയിറങ്ങാമെന്നു കണ്ടെത്തുന്ന സർവേയുടെ ഭാഗമായാണ് രണ്ട് എയർ പുഷിംഗ് വെസല് എന്ന ഹോവർ ക്രാഫ്റ്റുകളുടെ വരവ്. വേഗതയുടെ കാര്യത്തില് കടലിലെ "പറക്കുംതളിക' തന്നെയാണ് തീരസംരക്ഷണ സേനക്ക് കരുത്തുപകരാൻ എത്തിയ എച്ച് 561, എച്ച് 562 എന്നീ കടല്യോദ്ധാക്കള്. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭയംകൂടാതെ ശത്രുക്കളെ നേരിടാൻ ശക്തിയുള്ള യുദ്ധക്കപ്പലുകള്ക്ക് മണിക്കൂറില് 96 കിലോമീറ്റർ വരെ വേഗത്തിലെത്തി ദൗത്യം പൂർത്തിയാക്കാനുള്ള ശേഷിയുണ്ട്. ഷാർപ്പ് ഫൈറ്റിംഗിനുള്ള തോക്കുകള് ഉള്പ്പെടെ എല്ലാ വിധ ആധുനിക സംവിധാനങ്ങളുമായാണ് വരവ്.






