തിരുവനന്തപുരം: മദ്യപാനികളും മാന്യമായി പെരുമാറ്റം ഇല്ലാത്തതുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഐജി പി പ്രകാശ്.
നിലയ്ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസുകാരൻ്റെ പെരുമാറ്റം സേനക്ക് നാണക്കേടുണ്ടാക്കി. ഭക്തജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കലാണ് പൊലീസിൻ്റെ കടമ. അതിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ എസ്പിമാർ ശ്രദ്ധിക്കണം.
നിലയ്ക്കലില്‍ ശബരിമല തീർത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയിരുന്നു. പാർക്കിംഗ് ആയി ബന്ധപ്പെട്ട തർക്കത്തിന് ഒടുവില്‍ ആയിരുന്നു മർദ്ദനം.
മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മർദിച്ചെന്നാണ് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.
ആദ്യ അടിയില്‍ തന്നെ മൊബൈല്‍ വീഡിയോ പോസ് ആയതിനാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ എടുക്കാൻ കഴിഞ്ഞില്ല. പലതവണ മർദ്ദിച്ചെന്നും പ്രശാന്ത് പറയുന്നു.
എറണാകുളത്ത് നിന്നും ശബരിമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റി എന്ന് രഹസ്യ അന്വേഷണം വിഭാഗം റിപ്പോർട്ട് നല്കി. ഇതോടെയാണ് ശക്തമായ നടപടിക്ക് ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ഐപിഎസ് ഉടനടി നിർദ്ദേശം നല്‍കിയത്.






