കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽനിന്ന് 39 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കല്ലിയൂർ വില്ലേജിൽ നെടിഞ്ഞാൽ ഭാഗത്ത് സിന്ധുനിലയം വീട്ടിൽ രവീന്ദ്രൻ നായരുടെ മകൻ ശ്രീകാന്ത് ആർ (41), തിരുവനന്തപുരം പേട്ട വില്ലേജിൽ വള്ളക്കടവ് പി.ഒ.യിലെ ആറ്റുവരമ്പിൽ വീട്ടിൽ ലിജിത്തിന്റെ ഭാര്യ സരിത എൽ (43) എന്നിവരാണ് അറസ്റ്റിലായത്.
2026 ഓഗസ്റ്റ് 30-ന് പുലർച്ചെ 4.30-നും ഉച്ചയ്ക്ക് 2.30-നും ഇടയിലാണ് മോഷണം നടന്നത്. പൂവത്തിളപ്പ് ഭാഗത്തെ ചൊള്ളംപുഴ വീട്ടിൽ മോഷണത്തിനായി എത്തിയ പ്രതികൾ വീടിന്റെ മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെയും മാതാവിന്റെയും കിടപ്പുമുറികളിലെ തടിമേശകളുടെ വലിപ്പുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
മോതിരങ്ങൾ, മാലകൾ, കൈച്ചെയിനുകൾ, പാദസ്വരം, കുരിശും കുഴയും ഉൾപ്പെടെ ഏകദേശം 39 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇവയ്ക്ക് ഏകദേശം 45 ലക്ഷം രൂപ വിലവരും.
പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരുവരെയും 2026 ഒക്ടോബർ 16-ന് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






