കോട്ടയം: പാലാ കൊട്ടാരമറ്റത്ത് യുവാക്കളെ വഴിയില്‍ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. മർദ്ദനമേറ്റ യുവാക്കള്‍ ചികിത്സ തേടി.
മൂന്ന് യുവാക്കളെ ഇരുമ്പുകമ്പിയടക്കമുള്ള മാരകായുധങ്ങളുമായി വളഞ്ഞിട്ട് തല്ലിച്ചതച്ചതായാണ് പരാതി. സംഭവത്തില്‍ എട്ടോളം പേർക്കെതിരെ പാലാ പോലീസ് കേസെടുത്തു.
ഇവർക്കെതിരെ നിലവില്‍ അടിപിടി, കഞ്ചാവ്, എൻഡിപി എസ് കേസുകള്‍ പാലാ പോലീസ് സ്റ്റേഷനില്‍ ഉണ്ട്. കഴിഞ്ഞദിവസം രാത്രിയോടെയാണ് അക്രമസംഭവം നടന്നത്.
എട്ടോളം പേരടങ്ങുന്ന സംഘം മുൻവൈരാഗ്യത്തെ തുടർന്ന് വഴിതടഞ്ഞുനിർത്തി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ മൂന്ന് യുവാക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. മറ്റൊരാളുടെ കണ്ണിനും മുഖത്തും ക്രൂരമായ അടിയേറ്റ് കാഴ്ചയ്ക്കും എല്ലുകള്‍ക്കും സാരമായ ക്ഷതമേറ്റിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, അന്യായമായി സംഘംചേരല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പാലാ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.






