കോട്ടയം: പാലാ ടൈംസ് പത്രാധിപർ എബി ജെ ജോസിനെ ഭരണകൂടം തുറങ്കലിലടച്ചതിൻ്റെ 25-ാം വാർഷികം ഇന്ന്.
കാൽനൂറ്റാണ്ട് മുൻപത്തെ ഒരു സെപ്റ്റംബർ 18-ന്റെ ഓർമ്മകൾക്ക് ജനാധിപത്യത്തോളം തന്നെ പോന്ന മൂർച്ചയുണ്ട്. അധികാരത്തിന് അപ്രിയമായ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ഒരു മാധ്യമപ്രവർത്തകന് നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങളുടെയും അധികാരദുർവിനിയോഗത്തിന്റെയും കഠിനമായ മുഖം നേരിട്ടറിഞ്ഞതിന്റെ 25-ാം ആണ്ടാണിത്.
ഭയമില്ലാതെ വാർത്ത നൽകിയതിന്റെ പേരിൽ 2001 സെപ്റ്റംബർ 18-ന് എന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ആ കറുത്ത ദിനത്തിന് ഇന്ന് കാൽനൂറ്റാണ്ട് തികയുമ്പോഴും, അക്ഷരങ്ങളിലൂടെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള ആ പോരാട്ടവീര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് ആത്മാഭിമാനത്തോടെ തന്നെ പറയാനാവും.
പത്രപ്രവർത്തനമെന്നത് പിൽക്കാലത്ത് പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല. സ്കൂൾ കാലം മുതൽ തന്നെ വാർത്തയോടും അക്ഷരങ്ങളോടും ചേർന്നുനിന്ന ഒരു ആവേശമായിരുന്നു അത്. കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി. സ്കൂളിൽ ആറിലും ഏഴിലും പഠിക്കുന്ന കാലത്താണ് പത്രങ്ങൾക്ക് വാർത്തകൾ എഴുതി നൽകിത്തുടങ്ങിയത്. ദീപിക ദിനപത്രത്തിൽ അതിനും മുമ്പ് ആദ്യമായി എന്റെ പേര് അച്ചടിച്ചുവരാൻ അത് എഴുതി കൊടുത്തത് എന്റെ പ്രിയപ്പെട്ട അധ്യാപിക എൽസി തോമസ് ഓടക്കൽ ടീച്ചറായിരുന്നു. അങ്ങനെ ഡി.സി.എൽ. അംഗമെന്ന നിലയിൽ ദീപിക ദിനപത്രത്തിലെ ‘പുതിയ പൂക്കൾ’ എന്ന തലക്കെട്ടിൽ ആദ്യമായി എന്റെ പേര് അച്ചടിച്ചുവന്നു.
ആ ആദ്യ അക്ഷരം പിന്നീട് ഒരു ജീവിതയാത്രയായി മാറുകയായിരുന്നു. പിന്നീട് സ്കൂളിലെ സാഹിത്യസമാജം ഉൾപ്പെടെയുള്ളവയുടെ വാർത്തകളുമായി മനോരമയിലും മാതൃഭൂമിയിലുമൊക്കെ വാർത്തകൾ വന്നു തുടങ്ങി. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴും ഈ അക്ഷരബന്ധം മുറിഞ്ഞില്ല.
ഞാനും ജോഷി കുടക്കച്ചിറയും ചേർന്ന് ഇടപ്പാടിയിൽ ‘വിന്നേഴ്സ് ക്ലബ്’ രൂപീകരിക്കുകയും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അഞ്ചു വർഷത്തോളം അഖില കേരള തലത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ആ പരിപാടികളുടെ വാർത്തകൾ പത്രങ്ങളിൽ എത്തിച്ചതിലൂടെയാണ് പാലായിലെ മനോരമ ലേഖകൻ ടോമി മാങ്കൂട്ടവുമായി അടുത്ത സൗഹൃദത്തിലാകുന്നത്. അതോടെ മനോരമ ഓഫീസിലെ നിത്യസന്ദർശകനായി.
പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പകർന്നുതന്ന ആചാര്യനായിരുന്നു ടോമി മാങ്കൂട്ടം എന്നു പറയുന്നതിൽ തെറ്റില്ല. അവിടെവച്ചാണ് ഇപ്പോൾ മംഗളത്തിലുള്ള ജി. അരുണിനെ പരിചയപ്പെടുന്നത്. സൗഹൃദം ബാലജനസഖ്യത്തിലൂടെ വളർന്നു.
ന്യൂസ്പ്രിന്റ് പേപ്പറിൽ മനോരമ ശൈലിയിൽ വാർത്തയെഴുതാൻ പഠിച്ചതും ടോമി മാങ്കൂട്ടത്തെ പലപ്പോഴും സഹായിക്കാൻ കഴിഞ്ഞതും വലിയ അനുഭവങ്ങളായിരുന്നു. ഈരാറ്റുപേട്ട സ്വദേശിനി ആദ്യ വനിതാ പൈലറ്റായപ്പോൾ ടോമി മാങ്കൂട്ടത്തിനൊപ്പം പോയി ഇന്റർവ്യൂ എടുത്തതും മറക്കാനാവാത്ത തുടക്കമായിരുന്നു.
ഇതിനിടെ മാതൃഭൂമി ലേഖകനായിരുന്ന പി.എം. തോമസ് ചേട്ടൻ, പിന്നീട് വന്ന സത്യൻ പന്തത്തല, മംഗളം തോമാച്ചനായി മാറിയ മനോരമ തോമാച്ചൻ, ജോസ് ചെറിയാൻ, ദീപികയിലെ ജോൺഗീ കുന്നുംപുറം എന്നിവരുമായെല്ലാം ആത്മബന്ധം വളർന്നു. അന്നത്തെ പത്രപ്രവർത്തന ലോകം ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
മൊബൈൽ ഫോണിൽ വാർത്ത ടൈപ്പ് ചെയ്ത് വാട്സാപ്പിലൂടെയോ ഇമെയിലിലൂടെയോ ഞൊടിയിടയിൽ പത്രങ്ങൾക്ക് അയയ്ക്കാൻ അന്ന് സൗകര്യമില്ലാത്ത കാലമായിരുന്നു അത്. ഫോട്ടോസ്റ്റാറ്റ് പോലും ലഭ്യമായിരുന്നില്ല. ടൈപ്പ്റൈറ്ററും സൈക്ലോസ്റ്റൈലുമായിരുന്നു ആശ്രയം. സാമ്പത്തിക ചെലവ് കൂടുതലായതിനാൽ സൈക്ലോസ്റ്റൈൽ വല്ലപ്പോഴും മാത്രമേ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. ഓരോ പത്രത്തിനും പ്രത്യേകം പേപ്പറുകളിൽ കൈപ്പടയിൽ പലതവണ എഴുതിയാണ് വാർത്തകൾ നൽകിയിരുന്നത്. പിന്നീട് കാർബൺ കോപ്പികൾ ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും ചുരുങ്ങിയത് മൂന്നു തവണയെങ്കിലും വാർത്ത എഴുതേണ്ടിവരുമായിരുന്നു.
വാർത്തകൾ നൽകാൻ അക്കാലത്ത് ഏറ്റവും വലിയ തുണയായി നിന്ന വ്യക്തിയായിരുന്നു ‘പെൻ ഹൗസ്’ ദേവസ്യാ എന്ന ദേവസ്യാ കണ്ടത്തിൽ. തൃശൂരിൽ നിന്നിറങ്ങിയിരുന്ന എക്സ്പ്രസ് മലയാളം പത്രത്തിന്റെ പാലാ പ്രതിനിധിയായിരുന്ന അദ്ദേഹത്തിന്റെ പെൻ ഹൗസിൽ വാർത്ത ഏൽപ്പിച്ചാൽ, സ്വന്തം ഓഫീസ് പോലുമില്ലാത്ത പത്രങ്ങൾക്കുപോലും അത് എത്തിക്കാനാകുമായിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പുത്രൻ സജീവ് കണ്ടത്തിൽ നൽകിയ പരാതിയിലാണ് എന്നെ ജയിലിലടയ്ക്കാൻ പോലീസ് വഴിവിട്ട നീക്കം നടത്തിയത് എന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വിവിധ പൊതുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലൊക്കെ പോകേണ്ടി വന്നപ്പോൾ വാർത്ത നൽകാൻ വിവിധ പത്രസ്ഥാപനങ്ങളിൽ പോകേണ്ടി വരുമായിരുന്നു. അങ്ങനെ ഒരിക്കൽ മാധ്യമം ദിനപത്രത്തിന്റെ കോട്ടയം ബ്യൂറോയിലെത്തിയപ്പോൾ അന്ന് കോട്ടയം ബ്യൂറോ ചീഫായിരുന്ന, പിന്നീട് കോട്ടയം എഡിഷൻ ന്യൂസ് എഡിറ്ററായ സി.എ.എം. കരീമാണ് എന്നെ മാധ്യമത്തിലേക്ക് ക്ഷണിച്ചത്. ആഴ്ചകൾക്കുശേഷം സമ്മതം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിലെത്തി ന്യൂസ് എഡിറ്റർ കാസിം ഇരിക്കൂറിനെ കാണുകയും ചെയ്തു.
അങ്ങനെ കേവലം ഒരു ഉപജീവനമാർഗ്ഗമായല്ല, അടങ്ങാത്ത പൊതുപ്രവർത്തന ആവേശത്തോടെയാണ് മാധ്യമം ദിനപത്രത്തിന്റെ പാലായിലെ ആദ്യ റിപ്പോർട്ടറായി ഞാൻ ചുമതലയേറ്റത്.
അന്ന് മനോരമ, മംഗളം, മാതൃഭൂമി, ദീപിക, ദേശാഭിമാനി, കേരളകൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കാണ് പാലായിൽ റിപ്പോർട്ടർമാരുണ്ടായിരുന്നത്. പഴയവരിൽ പലരും മാറിയിരുന്നു. എന്റെ കടന്നുവരവ് പലർക്കും രസിച്ചില്ല. അതിനാൽ അപകടങ്ങളോ മരണങ്ങളോ പോലുള്ള പൊതുവാർത്തകൾ പോലും എന്നിൽനിന്ന് അകറ്റിനിർത്തി. രാവിലെ പത്രങ്ങൾ കാണുമ്പോഴാണ് എനിക്ക് ലഭിക്കാതെ പോയ ഇത്തരം വാർത്തകൾ അറിയുന്നത്. മാധ്യമത്തിന് തുടക്കത്തിൽ പാലായിൽ ഏജൻസികളില്ലായിരുന്നു; മറ്റു പത്രങ്ങൾക്കാകട്ടെ പ്രാദേശിക സംവിധാനങ്ങളിലൂടെ വിവരങ്ങൾ അപ്പപ്പോൾ ലഭിച്ചിരുന്നു. മാധ്യമത്തിന്, പ്രത്യേകിച്ച് എനിക്ക്, വാർത്തകൾ നൽകരുതെന്നും സഹകരിക്കരുതെന്നും ജില്ലാതലത്തിൽനിന്നുതന്നെ നിർദ്ദേശമുണ്ടായിരുന്നുവെന്നാണ് പിന്നീട് ചിലർ പറഞ്ഞത്.
എന്നാൽ പ്രതിസന്ധികളിൽ തളരാൻ മനസ്സില്ലായിരുന്നു. ഞാൻ സ്വന്തം നിലയ്ക്ക് സമാന്തരമായി വാർത്തകൾ കണ്ടെത്തിത്തുടങ്ങി. മറ്റാർക്കും ലഭിക്കാത്ത അന്വേഷണാത്മക വാർത്തകൾ സത്യസന്ധമായി നൽകിയതോടെ മാധ്യമത്തിൽ പാലായിൽ നിന്നുള്ള വാർത്തകൾ നിറഞ്ഞു. വിവരങ്ങളുടെ ഉറവിടം ഒരു കാരണവശാലും പുറത്തുവിടില്ലെന്ന വിശ്വാസ്യത ഉറപ്പായതോടെ നാട്ടുകാർ എന്നെത്തേടി വാർത്തകളുമായി എത്തിത്തുടങ്ങി. മറ്റു പത്രങ്ങളിൽ ലോക്കൽ പേജുകളിൽ പാലാ വാർത്തകൾ ഒതുങ്ങിയപ്പോൾ, ഞാൻ നൽകിയ വാർത്തകൾ മാധ്യമത്തിന്റെ സംസ്ഥാന പേജിലും മുൻപേജിലും പ്രധാന തലക്കെട്ടുകളായി.
ഈ യാത്രയ്ക്കിടയിൽ ഒരു കാര്യവും പ്രത്യേകം പറയേണ്ടതുണ്ട്. ഇത്രയും വർഷത്തെ പത്രപ്രവർത്തനത്തിനിടെ ഞാൻ തെറ്റായ വാർത്ത നൽകിയെന്ന പരാതിക്ക് ഇടയാക്കിയിട്ടില്ല. വാർത്തയുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ആ കേസിന് മുമ്പും ശേഷവും ഇതുതന്നെയാണ് എന്റെ നിലപാട്. എന്നെ ജയിലിലടയ്ക്കാൻ കാരണക്കാരായ കേരള കോൺഗ്രസ് (എം) പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകളും ഒരിക്കലും തമസ്കരിച്ചിട്ടില്ല. വാർത്ത അറിയാനുള്ള ജനങ്ങളുടെ അവകാശം എനിക്ക് നിഷേധിക്കാനാവില്ല എന്ന ബോധ്യത്തോടെയാണ് വാർത്തകളെ സമീപിച്ചിരുന്നത്. വാർത്തയ്ക്ക് വാർത്തയുടെ സ്ഥാനമാണ് നൽകിയിട്ടുള്ളത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വാർത്തയെ മൂടിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് പത്രപ്രവർത്തനത്തിന്റെ ധർമ്മമല്ലെന്ന വിശ്വാസം അന്നും ഇന്നും എനിക്കുണ്ട്.
സ്വന്തമായി ഓഫീസില്ലാത്തതിനാൽ ആദ്യകാലത്ത് ഞാൻ ഒരു ‘സഞ്ചരിക്കുന്ന പത്രമോഫീസ്’ തന്നെയായിരുന്നു. പിന്നീട് പാലാ ടി.ബി. കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അതിനിടെ അന്തരിച്ച പ്രമുഖ വ്യാപാരി പി.സി.ടി. പ്രകാശ് തന്റെ ഓഫീസിൽ പത്രപ്രവർത്തനത്തിന് സൗകര്യമൊരുക്കി. കാസറ്റ് കട നടത്തിയിരുന്ന ബെല്ലി ജോയിയും ഇടം നൽകി.
വാർത്തകൾ ഉണ്ടാകുമ്പോഴും പാലായിൽ മാധ്യമം പത്രം കിട്ടാനില്ലാത്തത് അടുത്ത വലിയ വെല്ലുവിളിയായി. ഏജന്റുമാരെ സമീപിച്ചെങ്കിലും മാധ്യമം എടുത്താൽ മറ്റു പത്രങ്ങൾ ഏജൻസി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പലരും പിന്മാറി. ഒടുവിൽ പത്രപ്രവർത്തനത്തോടൊപ്പം പത്രവിതരണവും ഞാൻ ഏറ്റെടുത്തു. 15 പത്രങ്ങളുമായി സ്വന്തമായി ഏജൻസി തുടങ്ങി.
പുലർച്ചെ എത്തുന്ന പുള്ളിക്കാനം കെ.എസ്.ആർ.ടി.സി. ബസിലായിരുന്നു പത്രക്കെട്ടുകൾ വന്നിരുന്നത്. ബസ് എത്തുന്നതിന് മുൻപേ പാലായിലെത്തി കെട്ടിറക്കി വരിക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കും. അതിനുശേഷം വീട്ടിൽ പോയി ഒന്നുറങ്ങി പത്തുമണിയോടെ വാർത്തകൾ തേടി വീണ്ടും ടൗണിലിറങ്ങുന്നതായിരുന്നു ദിനചര്യ. ഏതെങ്കിലും കാരണവശാൽ പുള്ളിക്കാനം ബസ് വരുമ്പോൾ എത്താനായില്ലെങ്കിൽ പത്രക്കെട്ട് എടുത്തുതരാൻ പോലും ആരും സഹായിക്കുമായിരുന്നില്ല. ആ ബസ് പുള്ളിക്കാനം പോയി തിരികെ 11.30-ഓടെ ഈരാറ്റുപേട്ട ഡിപ്പോയിൽ എത്തുമ്പോൾ അവിടെപ്പോയി പത്രക്കെട്ട് എടുത്തുകൊണ്ടുവന്ന് വിതരണം ചെയ്ത ദിനങ്ങളുമുണ്ട്. എന്നിട്ടും ഒരു വരിക്കാരനും പരിഭവിച്ചില്ല. അങ്ങനെ 15 പത്രത്തിൽ തുടങ്ങിയ വിതരണം 67 പത്രങ്ങൾ വരെ സ്വന്തം അധ്വാനത്തിൽ എത്തിക്കാൻ എനിക്കായി. പിന്നീട് പത്രവിതരണത്തിൽ ജോണി പന്തപ്ലാക്കലും സഹായിച്ചു.
അന്ന് മാധ്യമത്തിന് കൊച്ചി എഡിഷൻ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് വാർത്താക്കവർ കോട്ടയത്തേക്ക് അയക്കണം. അതിനുശേഷമുണ്ടാകുന്ന അടിയന്തര വാർത്തകൾ കൊച്ചിയിലേക്ക് ഫാക്സ് ചെയ്യും. ന്യൂസ്പ്രിന്റ് പേപ്പറിൽ വളരെ ചെറുതായി ഒരു പേജിൽ 20–25 വരികൾ വീതം ഒതുക്കിയെഴുതിയാണ് ഫാക്സ് ചെയ്തിരുന്നത്. ഒരു പേജ് ഫാക്സ് ചെയ്യാൻ അന്ന് 15 മുതൽ 20 രൂപ വരെ ചെലവായിരുന്നു. ഇന്നത്തെ ഒരു ക്ലിക്കിന്റെ വേഗതയ്ക്ക് പിന്നിൽ ഒരുകാലത്ത് ഉണ്ടായിരുന്നത് ഇത്രയേറെ അധ്വാനവും ചെലവും സമയവും ആയിരുന്നു.
ഈ അനുഭവങ്ങളുടെ ചൂളയിലാണ് സ്വന്തമായൊരു പത്രം എന്ന ആശയം നാമ്പിടുന്നത്. ടോമി മാങ്കൂട്ടം ‘കേരളവിശേഷം’ എന്ന പേരിൽ ഒരു ടാബ്ലോയിഡ് പത്രം തുടങ്ങിയിരുന്നു. അതിൽനിന്നുള്ള പ്രചോദനമാണ് ‘പാലാ ടൈംസ്’ എന്ന വാർത്താപത്രികയ്ക്ക് രൂപം നൽകാൻ പ്രേരണയായത്. ന്യൂസ്പേപ്പർ രജിസ്ട്രാറുടെ അനുമതി ലഭിച്ചതോടെ കോട്ടയം എ.ഡി.എം. മുമ്പാകെ ഡിക്ലറേഷൻ ഫയൽ ചെയ്തു. അങ്ങനെ 2001 സെപ്റ്റംബർ 11-ന് ഞാൻ ചീഫ് എഡിറ്ററും പ്രിയ സുഹൃത്ത് ജോസ് പാറേക്കാട്ട് എഡിറ്ററുമായി പാലാ ടൈംസിന്റെ നാലുപേജ് ടാബ്ലോയിഡ് ആദ്യ ലക്കം പുറത്തിറങ്ങി.
ആദ്യ ലക്കം തന്നെ പാലായിലെ രാഷ്ട്രീയ-പൊതുജീവിതത്തിൽ വലിയ ചലനം സൃഷ്ടിച്ചു.
പാലായിലെ പൊൻകുന്നം സമാന്തരപാലത്തിന് വക്കച്ചൻ മറ്റത്തിൽ എം.പി. ഫണ്ട് അനുവദിക്കുകയും ഇടതുസർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിക്കുകയും ചെയ്തതായിരുന്നു. എന്നാൽ അധികം വൈകാതെ യു.ഡി.എഫ്. അധികാരത്തിൽ വരികയും കെ.എം. മാണി മന്ത്രിയാവുകയും ചെയ്തു. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പാലത്തിന് സെപ്റ്റംബർ 13-ന് മന്ത്രി കെ.എം. മാണി ‘പണിതുടങ്ങൽ ഉദ്ഘാടനം’ നിർവഹിക്കുമെന്ന് നോട്ടീസ് ഇറങ്ങി.
ഇതിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ ആദ്യ ലക്കത്തിൽ തന്നെ ഞങ്ങൾ തീരുമാനിച്ചു. ‘പാലാ പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാനുള്ള മന്ത്രിയുടെ നടപടി വിവാദമാകുന്നു’ എന്ന തലക്കെട്ടിൽ കൃത്യമായ സർക്കാർ രേഖകളുടെ പിൻബലത്തോടെ പാലാ ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചു. 2001 മാർച്ച് 19-ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ്, കെ.എം. മാണിയുടെ സാന്നിധ്യത്തിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ച ചിത്രവും അതോടൊപ്പം പ്രസിദ്ധീകരിച്ചു. കേരള കോൺഗ്രസ് നേതാവ് ജോയി നടുക്കര രാഷ്ട്രീയരംഗത്തുനിന്ന് മാറിനിൽക്കുന്നുവെന്ന സൂചനയും ഉൾപ്പെടെ മറ്റാരും തൊടാത്ത നിരവധി വാർത്തകളും ആ ലക്കത്തിലുണ്ടായിരുന്നു. പാലാ രൂപതയിലെ ഒരു വൈദികൻ വിവാഹിതനായ വാർത്തയും ചിത്രം സഹിതം ഉൾപ്പെടുത്തിയിരുന്നു.
അതേസമയം മുഖ്യധാരാ പത്രങ്ങളെല്ലാം പാലം പണിതുടങ്ങലിന്റെ സപ്ലിമെന്റുകൾ ഇറക്കി ഭരണകൂട സ്തുതിപാടുകയായിരുന്നു.
പാലാ ടൈംസിന്റെ ആ വാർത്ത ചില പ്രാദേശിക കേരള കോൺഗ്രസ് നേതാക്കളെ വല്ലാതെ ചൊടിപ്പിച്ചു. മാധ്യമത്തിൽ ഞാൻ നൽകിയിരുന്ന പല വാർത്തകളോടും, പ്രത്യേകിച്ച് ജോബിഷ് തേനാടികുളത്തിന്റെ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനം നടന്നത് അന്വേഷിക്കാൻ എത്തിയപ്പോഴത്തെ വീഴ്ചകൾ തുറന്നുകാട്ടിയതിലും വിരോധം വെച്ചുപുലർത്തിയിരുന്ന അന്നത്തെ ഡിവൈ.എസ്.പി. കെ. പ്രഭാകരൻ നായരെ അവർ സമീപിച്ചു. അതോടെ ഗൂഢാലോചനയ്ക്ക് കളമൊരുങ്ങിയെന്നാണ് എന്റെ അനുഭവം.
2001 സെപ്റ്റംബർ 18.
രാവിലെ 10 മണിക്ക് അന്നത്തെ പാലാ എസ്.ഐ. എൻ.സി. രാജ്മോഹൻ ഫോണിൽ വിളിച്ചു. ഒരു എക്സ്ക്ലൂസീവ് വാർത്തയുണ്ടെന്നും ഉടൻ വരണമെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നും അറിയിച്ചു. പനിയായി വീട്ടിലിരുന്ന എന്നെ നിർബന്ധിച്ചാണ് പാലാ പോലീസ് സ്റ്റേഷനിലേക്ക് വരുത്തിയത്. 11 മണിയോടെ സ്റ്റേഷനിലെത്തി. എൻ്റെ കൈവശം ഉണ്ടായിരുന്ന എറിക്സണിൻ്റെ മൊബൈൽ ഫോൺ തന്ത്രത്തിൽ കൈക്കലാക്കിയ ശേഷം “ഇരിക്കൂ, ഇപ്പോൾ വരാം” എന്നു പറഞ്ഞ് എസ്.ഐ. പുറത്തേക്ക് പോയി.
അല്പസമയം കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ രഹസ്യമായി എന്റെ അടുത്തെത്തി. ഡിവൈ.എസ്.പിയുടെ മുറിയിൽ അടച്ചിട്ട് എന്തോ കാര്യങ്ങൾ തിരക്കിട്ട് ആലോചിക്കുകയാണെന്നും എസ്.ഐയും ചില കേരള കോൺഗ്രസുകാരും കെ.എം. മാണിയുടെ തൊട്ടടുത്ത ബന്ധുവും അവിടെയുണ്ടെന്നും പറഞ്ഞു. എനിക്കെതിരെ എന്തോ കള്ളക്കേസുണ്ടാക്കാനുള്ള നീക്കമാണെന്നും എത്രയും പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെട്ടുകൊള്ളണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പേരുകളും മറ്റ് വിശദാംശങ്ങളും എനിക്ക് അറിയാമായിരുന്നെങ്കിലും, ആ പോലീസുകാരന്റെ പേര് ഇവിടെ പറയുന്നത് ഉചിതമല്ലാത്തതിനാൽ പറയുന്നില്ല.
എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ പോകാൻ തയ്യാറായില്ല. വൈകാതെ ചന്ദ്രശേഖരൻ എന്ന പോലീസുകാരൻ വന്ന് എന്നെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. കാര്യം തിരക്കിയപ്പോൾ “പരാതിക്കാരൻ ഇപ്പോൾ വരും” എന്നായിരുന്നു മറുപടി.
അൽപ്പസമയം കഴിഞ്ഞപ്പോൾ പരാതിക്കാരനായി കണ്ടത്തിൽ ദേവസ്യാച്ചന്റെ മകൻ സജീവ് കണ്ടത്തിൽ എത്തി പരാതി എഴുതി നൽകി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുദ്രാ പ്രസിൽ അച്ചടിക്കാതെ അവരുടെ പ്രസിന്റെ പേര് പത്രത്തിൽ ചേർത്തുവെന്നായിരുന്നു പരാതി.
എന്നാൽ മുദ്രാ പ്രസ് ബെന്നി മൈലാടൂരിന്റെ പക്കൽനിന്ന് കൈമാറിപ്പോയ വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബെന്നി നൽകിയ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എ.ഡി.എം. മുദ്രാ പ്രസിന്റെ പേര് ഡിക്ലറേഷനിൽ ചേർത്തത്. മാത്രവുമല്ല, മുദ്രാ പ്രസിനുവേണ്ടി സെന്റ് തോമസ് പ്രസിൽ അച്ചടിച്ചുവെന്ന് ഇംപ്രിന്റ് ലൈൻ രേഖപ്പെടുത്തേണ്ട ബാധ്യത പ്രസുകാരുടേതായിരുന്നു. അതിനാൽ കേവലം ഒരു സാങ്കേതിക അച്ചടിപ്പിശകായി ഒതുങ്ങേണ്ട വിഷയമായിരുന്നു അത്.
കേരള കോൺഗ്രസ് എമ്മിന്റെ മുഖപത്രമായ ‘പ്രതിഛായ’ പോലും പലപ്പോഴും ഡിക്ലറേഷൻ വെച്ച പ്രസിലല്ല അച്ചടിച്ചിരുന്നതെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറച്ചുവെക്കപ്പെട്ടുവെന്നാണ് എന്റെ വാദം.
എന്നാൽ ഈ ചെറിയ സാങ്കേതിക പ്രശ്നം അതിന്റെ പരിധിയിൽ നിർത്താതെ വലിയ ക്രിമിനൽ കുറ്റമായി മാറ്റുകയായിരുന്നു. വാർത്ത മൂലം കെ.എം. മാണിക്ക് അപകീർത്തിയുണ്ടായി എന്ന രാഷ്ട്രീയ ഈഗോ തൃപ്തിപ്പെടുത്താനുള്ള പ്രതികാരമായിരുന്നു അതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420 (വഞ്ചന), 465, 468 (വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ യഥാർത്ഥമെന്ന നിലയിൽ ഉപയോഗിക്കൽ), 34 എന്നീ വകുപ്പുകളും പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിലെ 3, 4, 14 വകുപ്പുകളും ചുമത്തി.
ഒരു ചെറിയ അച്ചടിപ്പിശകിന്റെ പേരിൽ ഇത്രയും ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയതിനു പിന്നിൽ എന്നെ കൂടുതൽ ദിവസം ജയിലിൽ കിടത്താമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് അന്ന് എനിക്ക് തോന്നിയത്. ജാമ്യമില്ലാത്ത വകുപ്പുകൾ കൂടുതലായി ഉൾപ്പെടുത്തി കേസ് കൂടുതൽ ഗുരുതരമാക്കാനുള്ള ശ്രമമായിരുന്നു അതെന്ന് ഞാൻ കരുതുന്നു.
സ്റ്റേഷനിലെത്തിയ ഡിവൈ.എസ്.പി. കെ. പ്രഭാകരൻ നായർ “നിന്നെ നോക്കിയിരിക്കുകയായിരുന്നു” എന്നാണ് ആദ്യം സംസാരിച്ചത്. പത്രത്തിന് കൃത്യമായ രജിസ്ട്രേഷനുണ്ടെന്നും സർക്കാർ രേഖകളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്നും സ്വന്തം ഓഫ്സെറ്റ് പ്രസ് വരുന്നതുവരെ മറ്റൊരു പ്രസിൽ അച്ചടിക്കാൻ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ഞാൻ വ്യക്തമാക്കി. എന്നാൽ അതൊന്നും ആ ഉദ്യോഗസ്ഥൻ കേട്ടില്ല.
പത്രം പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് പ്രസിലാണ് അച്ചടിച്ചതെന്ന് പറഞ്ഞപ്പോൾ പോലീസ് അവിടെയെത്തി അച്ചടിക്കുപയോഗിച്ച ബട്ടർ പേപ്പർ കസ്റ്റഡിയിലെടുത്തു.
നിയമപ്രകാരം മറ്റൊരു പ്രസിന്റെ പേര് തെറ്റായി അച്ചടിച്ചതിന്റെ ഉത്തരവാദിത്വം പ്രസ് മാനേജരായ വൈദികനും പ്രിന്റർക്കുമായിരുന്നു. ഞാൻ അച്ചടിക്കാൻ ഏൽപ്പിച്ചയാൾ എന്ന നിലയിൽ പരമാവധി പ്രേരണാക്കുറ്റം മാത്രമേ വരേണ്ടിയിരുന്നുള്ളൂ. പ്രസ് മെഷീൻ പിടിച്ചെടുക്കുകയും പ്രസ് അധികൃതരെയും പ്രതിചേർക്കുകയും ചെയ്യേണ്ടിടത്ത്, നിയമത്തെ ദുരുപയോഗിച്ച് എന്നെയും ജോസ് പാറേക്കാട്ടിനെയും മാത്രം യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി. പ്രസിലെ ജീവനക്കാരനായ മത്തനെ സാക്ഷിയാക്കി കേസിന്റെ കഥ മുന്നോട്ടുകൊണ്ടുപോയി.
പത്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദ്ദേശവും കാറ്റിൽപ്പറത്തിയാണ് പോലീസിന്റെ ഈ നടപടിയുണ്ടായത്. ഒരു വാർത്തയുടെ പേരിലുള്ള രാഷ്ട്രീയ വിരോധം ക്രിമിനൽ വകുപ്പുകളുടെ ഭാരമായി മാറ്റിയ അനുഭവമായിരുന്നു അത്.
അറസ്റ്റ് വിവരം ആദ്യം അറിഞ്ഞ് പാലാ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ പത്രപ്രവർത്തകൻ ദീപികയിലെ ജോൺസൺ വേങ്ങത്തടമായിരുന്നു. വിവരം അറിഞ്ഞ് നിരവധിപേർ സ്റ്റേഷനിലേക്ക് വിളിക്കുകയും എത്തുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ എന്നെ മജിസ്ട്രേറ്റ് പാലാ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അങ്ങനെ ഒരു പത്രത്തിന്റെ ചീഫ് എഡിറ്റർ, തന്റെ ആദ്യ ലക്കം പുറത്തിറക്കി വെറും ഏഴ് ദിവസത്തിനകം, വാർത്തയുടെ പേരിലുള്ള കേസിൽ ജയിലിലെത്തി.
പിറ്റേന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇടതുമുന്നണി നിയോഗിച്ച വനിതാ അഭിഭാഷക ജാമ്യത്തെ കോടതിയിൽ നഖശിഖാന്തം എതിർത്തത് അധികാരരാഷ്ട്രീയത്തിന്റെ മറ്റൊരു വൈചിത്ര്യമായിരുന്നു. എന്നാൽ വസ്തുതകൾ പരിശോധിച്ച അന്നത്തെ ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ചെറിയാൻ കെ. കുര്യാക്കോസ് എനിക്ക് ഉടൻ തന്നെ ജാമ്യം അനുവദിച്ചു. ഇതിനിടെ ജോസ് പാറേക്കാട്ട് മുൻകൂർ ജാമ്യം നേടി.
തുടർന്നു സി.വി. ജോണിന്റെ നേതൃത്വത്തിൽ ‘കേരള നവോത്ഥാന പ്രസ്ഥാനം’ പോലീസിന്റെ പ്രതികാര നടപടിക്കെതിരെ പാലായിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് എം ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും ആ പ്രതിഷേധത്തിൽ അണിനിരന്നു.
മാധ്യമലോകത്തുനിന്ന് അന്ന് തുണയായത് ചുരുക്കം ചിലരുടെ ആർജ്ജവമായിരുന്നു. അറസ്റ്റ് വാർത്തയിൽ ഞങ്ങളുടെ നിലപാട് കൂടി ചേർത്ത് നേരോടെ റിപ്പോർട്ട് ചെയ്തത് പാലായിൽ മാതൃഭൂമി മാത്രമായിരുന്നു. അന്നത്തെ മാതൃഭൂമി ലേഖകനും ഇപ്പോഴത്തെ കേരളകൗമുദി റിപ്പോർട്ടറുമായ സുനിൽ പാലായായിരുന്നു അത്. ജയിലിൽ എന്നെ സന്ദർശിച്ച് പിന്തുണ അറിയിക്കാൻ ധൈര്യം കാട്ടിയ പാലായിലെ ഏക പത്രപ്രവർത്തകനും സുനിലായിരുന്നു.
പിറ്റേന്ന് തനിനിറം പത്രത്തിൽ പി.സി. സതീഷ് കോട്ടയത്തുനിന്ന് യാഥാർത്ഥ്യങ്ങൾ തുറന്നെഴുതി. സൂര്യ ടി.വിയിൽ രാജു ആനിക്കാടും, പാൽക്കോ ക്രൈം മാസികയിൽ അനിലൻ നമ്പൂതിരിയും (അനി എരുമേലി) സമഗ്രമായ റിപ്പോർട്ടുകൾ നൽകി. കേരളകൗമുദിയിൽ കെ. ജയകുമാർ ‘തിരുനക്കര ചുറ്റുവട്ട’ത്തിൽ പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.
കേസ് പത്തു വർഷത്തോളം കോടതിയിൽ നീണ്ടുനിന്നു. കള്ളക്കേസെടുത്ത എസ്.ഐ. ഉൾപ്പെടെ വാദിഭാഗത്തുനിന്നുള്ള പലരും വിചാരണവേളയിൽ കോടതിയിൽ ഹാജരായില്ല. ഒടുവിൽ കേസ് പരിഗണിച്ച കോടതി ഞങ്ങളിരുവരെയും കുറ്റവിമുക്തരാക്കി. അഡ്വ എ സണ്ണിയാണ് കാര്യമായ ഫീസൊന്നും വാങ്ങാതെ കേസ് 10 വർഷം നടത്തിയത്. ബേബി ആനപ്പാറ, ജിജോ ജോർജ്, സതീഷ് കല്ലക്കുളം, സാംജി പഴേപറമ്പിൽ തുടങ്ങിയവരും അക്കാലത്ത് സഹായിച്ചത് മറക്കില്ല.
ഇതിനിടെ വിചിത്രമായ മറ്റൊരു നടപടിയും ഉണ്ടായി. ഡി വൈ എസ് പി കെ പ്രഭാകരൻനായർക്കെതിരെ ഞാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുത്തു. ഞാൻ ആർക്കെതിരെ പരാതിപ്പെട്ടോ ആ ഉദ്യോഗസ്ഥനായ കെ പ്രഭാകരൻനായരെ തന്നെ അയാൾക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു മനുഷ്യാവകാശ കമ്മീഷൻ. അതിൻ്റെ റിപ്പോർട്ട് എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
പിൽക്കാലത്ത് കെ.എം. മാണിയെ നേരിൽ കണ്ടപ്പോൾ, ഈ അറസ്റ്റും പരാതിയുമൊന്നും തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നെയും ജോസ് പാറേക്കാട്ടിനെയും കുടുക്കാൻ ചരടുവലിച്ച രാഷ്ട്രീയ കുബുദ്ധികളിൽ പലരും പിന്നീട് മാണിക്കും കേരള കോൺഗ്രസ് പാർട്ടിക്കും അനഭിമതരായി മാറുന്നതിനും കാലം സാക്ഷ്യംവഹിച്ചു.
അതിനിടെ അധികാരഗർവ്വ് കാട്ടിയ ഡിവൈ.എസ്.പി. കെ. പ്രഭാകരൻ നായർക്ക് കളത്തൂക്കടവിൽ കർഷകരെ ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ പാലായിൽ നിന്നും നാണംകെട്ട് പടിയിറങ്ങേണ്ടിവന്നതും എന്റെ ഓർമ്മയിലെ മറ്റൊരു അധ്യായമാണ്. പാലാ ബിഷപ്പ്സ് ഹൗസ് സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു ആ സ്ഥാനചലനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അന്ന് കർഷകർക്കൊപ്പം നിന്ന് നിർണ്ണായക നീക്കങ്ങൾ നടത്താൻ സാധിച്ചത് ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യമായി.
ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് സത്യസന്ധമായ വാർത്ത നൽകിയതിന്റെ പേരിൽ ഒരു പത്രാധിപർ തുറുങ്കിലടയ്ക്കപ്പെട്ട അനുഭവം ജനാധിപത്യത്തിന് മുന്നിലുള്ള അസ്വസ്ഥമാക്കുന്ന ഒരു ചോദ്യമാണ്. ദിവാൻഭരണത്തിന്റെ ഏകാധിപത്യത്തെ എതിർത്തതിന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയെങ്കിൽ, ജനാധിപത്യ സംവിധാനത്തിൽ തെറ്റുകൾ തുറന്നുകാട്ടിയതിന് ഞങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചുവെന്നതാണ് എന്റെ ജീവിതാനുഭവം.
എന്നാൽ ജയിൽവാസവും കേസുകളും ഭീഷണികളും ഒരു അക്ഷരപ്രവർത്തകനെ നിശ്ശബ്ദനാക്കിയില്ല. മറിച്ച് അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനുള്ള കരുത്താണ് അവ നൽകിയത്. അധികാരത്തിന്റെ മുന്നിൽ തലകുനിക്കാതെ, വാർത്തയുടെ പേരിൽ നേരിടേണ്ടിവന്ന ശിക്ഷയെ തന്നെ പോരാട്ടത്തിന്റെ കരുത്താക്കി മാറ്റുകയായിരുന്നു.
2001 സെപ്റ്റംബർ 18-ന് പോലീസ് സ്റ്റേഷനിൽനിന്ന് പാലാ സബ് ജയിലിലേക്കുള്ള ആ യാത്രയ്ക്ക് ഇന്ന് 25 വർഷം. കാലം ഏറെ പിന്നിട്ടിട്ടും ആ ദിവസം ഒരു വ്യക്തിപരമായ ഓർമ്മ മാത്രമല്ല. വാർത്തയുടെ സ്വാതന്ത്ര്യം എന്താണെന്നും, അധികാരത്തെ ചോദ്യം ചെയ്യുന്നതിന്റെ വില എന്താണെന്നും ഓർമ്മിപ്പിക്കുന്ന ഒരു അനുഭവമാണ് അത്.
അധികാരം ദുർവിനിയോഗിച്ച് ഒരു പത്രത്തിനെതിരെ, പത്രപ്രവർത്തകനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇക്കാലം വരെ എത്ര കേസുകൾ ഉണ്ടായിട്ടുണ്ടെന്നു വിലയിരിത്തേണ്ടിയിരിക്കുന്നു. ഈ വിധം പീഡനം അനുഭവിച്ച പത്രപ്രവർത്തകർ കോട്ടയത്ത്, കേരളത്തിൽ എത്ര പേരുണ്ടാകും?
ഒരു പത്രത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം അതിന്റെ ചീഫ് എഡിറ്റർ ജയിലിലായ കഥയാണ് പാലാ ടൈംസിന്റെ ചരിത്രം. എന്നാൽ അതേ അധ്യായം തന്നെയാണ് അതിന്റെ ഏറ്റവും വലിയ കരുത്തിന്റെയും അടയാളം.
അക്ഷരങ്ങളെ തടവിലാക്കാമെന്ന് അധികാരം കരുതിയേക്കാം. ഒരു പത്രാധിപരെ ജയിലിലടയ്ക്കാനും കഴിയും. കേസുകൾ ചുമത്താനും കഴിയും. എന്നാൽ സത്യത്തിനുവേണ്ടിയുള്ള അക്ഷരത്തിന്റെ യാത്രയെ തടവിലാക്കാനാവില്ല.
ആദ്യമായി പേര് പത്രത്തിൽ അച്ചടിച്ചുവരാൻ കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട എൽസി തോമസ് ഓടക്കൽ ടീച്ചറിൽനിന്ന് തുടങ്ങി, പാലായിലെ മുതിർന്ന പത്രപ്രവർത്തകരുടെ സ്നേഹവും പാഠങ്ങളും, പത്രവാർത്തയ്ക്കായി നടത്തിയ അക്ഷീണമായ ഓട്ടവും, പുലർച്ചെയുള്ള പത്രവിതരണവും, ഫാക്സിന്റെ കാലത്തെ അധ്വാനവും, ഒടുവിൽ സ്വന്തം പത്രമായ പാലാ ടൈംസിന്റെ ജനനവും — ഈ യാത്രയിലെ ഓരോ അധ്യായവും ഒരു കാര്യമാണ് പഠിപ്പിച്ചത്: അക്ഷരത്തോട് സത്യസന്ധത പുലർത്തിയാൽ വഴിയിലെ തടസ്സങ്ങൾ യാത്ര അവസാനിപ്പിക്കില്ല.
ആ ജയിൽവാസം എന്റെ യാത്രയുടെ അവസാനമായിരുന്നില്ല. മറിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള തുടക്കമായിരുന്നു. ആ കരുത്തിലാണ് കാൽനൂറ്റാണ്ടിനിപ്പുറവും പാലാ ടൈംസിന്റെയും എന്റെയും അക്ഷരപ്രയാണം തുടരുന്നത്.






