കോട്ടയം: അയ്മനത്തുകാരുടെ തകർന്ന സ്വപ്നമാണ് ജയന്തിക്കവലയിൽ ഇരവീശ്വരം പാടശേഖരത്തിനോട് ചേർന്നുയർന്ന ഇൻഡോർ സ്റ്റേഡിയം.
കിഫ്ബി ഫണ്ടായ 5.16 കോടി ചെലവഴിച്ച്, സ്പോർട്സ് എൻജിനീയറിങ് വകുപ്പ് നടത്തിയ നിർമാണത്തിന്റെ ചുമതല കിറ്റ്കോ എന്ന കൺസൽട്ടിങ്ങ് കമ്പനിക്കായിരുന്നു.
അടിത്തറ കെട്ടിയ നാളുമുതൽ നാട്ടിലുള്ളവർ ആവേശത്തോടെ അതിന്റെ പണി തീർന്നുകാണാൻ ആശിച്ചു.
പണി തീരുംമുൻപ് 2021 ഫെബ്രുവരിയിൽ പെട്ടെന്ന് ഉദ്ഘാടനവും നടത്തി.
വെറും നാല് മാസത്തിനുള്ളിൽ ഭിത്തിയിൽ പലയിടത്തും വിള്ളലായി.
സ്റ്റേഡിയത്തിന്റെ മൂന്ന് പ്രവേശനകവാടവും പൊട്ടിക്കീറി പ്രധാന ഭിത്തിയിൽനിന്നകന്നു.
അടർന്ന് പോകാതിരിക്കാൻ കവാടത്തിലെല്ലാം ഇരുന്പുതൂൺ താങ്ങിനിറുത്തിയിട്ടുണ്ട്.
ഇവയെല്ലാം തുരുമ്പിച്ചു. കാട്ടുചെടികളുടെ വള്ളികൾ ഇരുമ്പുതൂണിനെ ചുറ്റിവരിഞ്ഞിട്ടുണ്ട്.
തറയ്ക്കും ഇരുത്തംവന്നു. മുറ്റത്ത് സ്റ്റേഡിയത്തോളം ഉയരത്തിൽ കൂന കൂട്ടിയിട്ട മൺകൂനകൾ.
ഒരാൾപൊക്കത്തിൽ തഴച്ച് വളർന്ന് ഉയർന്നുപൊങ്ങിയ കുറ്റിച്ചെടികളും.
രാത്രി സ്റ്റേഡിയം സാമൂഹികവിരുദ്ധരുടെ താവളം. പരിസരത്ത് ഉഗ്രവിഷപ്പാന്പുകളുടെ ശല്യം.
മൺകൂന നിമിത്തം നടയിലൂടെ ആർക്കും കയറാനൊക്കില്ല.
ഏകദേശം 80 സെ.മി ഉയരമുള്ള തിണ്ണയിലേയ്ക്ക് ചാടിക്കയറണം.
തിണ്ണയും കെട്ടിടവും നോക്കിയാൽ ഇവതമ്മിൽ ഏകദേശം 15 സെ.മി. വിള്ളലുണ്ട്.
തറ ചിലയിടത്ത് ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വേറെ ഭാഗത്ത് തറ ഉയർന്നുപൊങ്ങി, വിണ്ട് അകന്നിട്ടുണ്ട്.
ജനൽപ്പാളികളിലെ ചില്ലുകൾ പൊട്ടിത്തകർന്നു. അഗ്നിരക്ഷാ ഉപകരണങ്ങളെല്ലാം ചിതറിക്കിടക്കുന്നു.






