പാലാ: രാമപുരം റോഡില്‍ പയപ്പാര്‍ ക്ഷേത്രത്തിന് എതിര്‍വശത്തെ റബര്‍ തോട്ടത്തില്‍ നിന്നു രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാല് മോഷണം പോയ സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് (37) , എം.എം സിറാജ് (36), ജിറ്റോ ജെയിംസ് (31) എന്നിവരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളില്‍ പ്രതികളായ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കല്‍ ഷിബുവാണ് പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഒരു മാസം മുമ്പാണ് തോട്ടത്തില്‍ നിന്ന് ആദ്യമായി ഒട്ടുപാല് മോഷണം പോയത്. തുടര്‍ന്ന് ഷിബു പൊലീസില്‍ പരാതി നല്‍കുകയും മോഷണം തടയുന്നതിനായി തോട്ടത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തോട്ടത്തിലെ ചെറിയ കെട്ടിടത്തില്‍ ശേഖരിച്ചുവച്ചിരുന്ന ഒട്ടുപാലാണ് വീണ്ടും മോഷണം പോയത്.
സി.സി.ടി.വി ക്യാമറയില്‍ സംശയാസ്പദമായ നീക്കം പതിഞ്ഞതിനെ തുടര്‍ന്ന് അലാറം മുഴങ്ങി. ഇത് പരിശോധിച്ച ഷിബു മോഷ്ടാക്കള്‍ ഒട്ടുപാല് കടത്തിക്കൊണ്ടുപോകുന്നത് കാണുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ ഓട്ടോറിക്ഷയില്‍ തോട്ടത്തിന് സമീപം എത്തുന്നതും തുടര്‍ന്ന് തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും വ്യക്തമായി പതിഞ്ഞിരുന്നു.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സമാന മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാന്നിധ്യവും ഇവരുടെ നീക്കങ്ങളും പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.






