കോട്ടയം: സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നുണ്ടെങ്കിലും കായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങള്‍ കൊയ്ത് മുന്നേറുകയാണ് വൈക്കത്തും വെള്ളൂരുമായി പ്രവർത്തിക്കുന്ന വനിതാ സ്പോർട്സ് അക്കാഡമി.
തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളില്‍ നാളെ നടക്കുന്ന സംസ്ഥാന സ്കൂള്‍ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിലേക്ക്
വനിതാ സ്പോർട്സ് അക്കാഡമിയിലെ 12 താരങ്ങള്‍ക്കാണ് സെക്ഷൻ ലഭിച്ചത്. കോട്ടയത്ത് നടന്ന സെലക്ഷൻ ട്രയല്‍സില്‍ അക്കാഡമിയില്‍ നിന്ന് പങ്കെടുത്ത 13 പേരില്‍ 12 പേരും ടീമില്‍ ഇടം നേടി.
വൈഗ, വി.എസ് ആദിലക്ഷ്മി, ആവന്തിക സുമേഷ്, നേത്ര അനീഷ്, അനന്യ അജി, വി.ശ്രീവിദ്യ, എം.എസ് ശ്രീനന്ദ, എം.എസ് സ്നേഹ, വൈഗ ബൈജു, ദേവനന്ദ ശരത്, വി.വി അമൃത, ആർ.ഋതുനന്ദ എന്നിവരാണ് ജില്ലാ ടീമില്‍ ഇടംനേടിയത്. വൈക്കം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികളാണ് എല്ലാവരും.
കഞ്ഞിക്കുഴി ടർഫ് ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ സ്കൂള്‍ ഹോക്കി ചാമ്പ്യൻഷിപ്പില്‍ വൈക്കം സബ്ജില്ല കിരീടം നേടിയത് അക്കാഡമിയിലെ താരങ്ങളുടെ കരുത്തിലാണ്.
ഈ വർഷം കേരളാ ഫുട്ബോള്‍ അസോസിയേഷൻ നടത്തിയ സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്ത ജില്ലാ ടീമിലും അക്കാഡമിയിലെ ആറു താരങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ കോട്ടയം ജില്ലയിലെ ബെസ്റ്റ് സ്കൂള്‍ ആയി തിരഞ്ഞെടുത്തത് അക്കാഡമിയിലെ താരങ്ങള്‍ അണിനിരന്ന വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയല്‍ ഹൈസ്കൂളിനെയാണ്. ഇറുമ്പയം കോളനി, ചന്ദ്രാമല, മടത്തേടം തുടങ്ങിയയിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളാണ് ഫുട്ബോളില്‍ പരിശീലനം നേടുന്നത്.






