കോട്ടയം: ഭരണകക്ഷിയിലെ അംഗങ്ങള്‍ തന്നെ മറിച്ച് കുത്തിയതോടെ പാലായില്‍ രാജ്യത്തെ പ്രായംകുറഞ്ഞ നഗരസഭ ചെയർപേഴ്സണ്‍ പുറത്ത്.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി തെറിച്ചു. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും പാർട്ടി തീരുമാനത്തിന് പുല്ല് വില കല്‍പ്പിച്ച് ഭരണപക്ഷത്തുളള 4 കോണ്‍ഗ്രസ് അംഗങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ നിർദേശം മറികടന്ന് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം ഉണ്ടാകുമെന്നാണ് അവിശ്വാസത്തെ പിന്തുണച്ച കൌണ്‍സിലർമാർ അവകാശപ്പെടുന്നത്.
26 കൗണ്‍സിലർമാരില്‍ 17 പേർ ഇന്ന് കൗണ്‍സിലില്‍ യോഗത്തില്‍ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗണ്‍സിലർമാർ, 4 കോണ്‍ഗ്രസ് അംഗങ്ങള്‍, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്.
അവിശ്വാസത്തെ പിന്തുണക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്ത 4 അംഗങ്ങളും അത് അനുസരിച്ചില്ല. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തെ പിന്തുണച്ചത്. വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
പാർട്ടി നേതൃത്വത്തിനോട് ബഹുമാനമുണ്ട്. പാർട്ടി നേതൃത്വത്തോട് എല്ലാ പ്രശ്നങ്ങളും ബോധിപ്പിച്ചതാണ്. പാർട്ടി തന്ന വിപ്പ് താൻ കണ്ടിട്ടില്ല. വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വികാരം നേതാക്കള്‍ മനസിലാക്കുമെന്നുമാണ് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പില്‍ പ്രതികരിച്ചത്. നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.
കോണ്‍ഗ്രസാണ് ദിയക്കെതിരെ ആദ്യം രംഗത്ത് വന്നത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പുതിയ രാഷ്ട്രീയ സാഹചര്യച്ചില് പ്രതിപക്ഷത്തിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം ഇനി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ചേർന്ന് പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്.






